കോതമംഗലം: ലോറിയിൽ കടത്തുന്നതിനിടെ വീഴുന്ന മണ്ണ് മഴയത്ത് കുഴഞ്ഞ് റോഡ് ചെളിക്കുളമായതോടെ ജനം ദുരിതത്തിൽ. വടശേരി സ്കൂൾ മുതൽ തൈക്കാവുംപടി വരെയുള്ള കാൽനട, ഇരുചക്രവാഹന യാത്രയാണ് ദുസഹമായത്.
രാത്രിയുടെ മറവിൽ മാഫിയ സംഘം ലോറിയിൽ കടത്തുന്ന മണ്ണാണ് റോഡിൽ വീഴുന്നത്. മഴ പെയ്യുന്നതോടെ മണ്ണ് ചെളിയായിമാറും. ഇരുചക്രവാഹന യാത്രക്കാർ റോഡിൽ തെന്നിമറിയുന്നതും സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ ദേഹത്ത് ചെളി തെറിക്കുന്നതും പതിവാകുകയാണ്. ചെളി തെറിക്കുന്നത് ഒഴിവാക്കാൻ ഓടിമാറുന്ന കുട്ടികൾ തെന്നിവീഴുന്നതായും നാട്ടുകാർ പറയുന്നു. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡിലെ ചെളി ചിലർ കഴുകിക്കളഞ്ഞിരുന്നു. എന്നാൽ അധികൃതർ നാട്ടുകാരുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണ് മാഫിയക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.