തൃക്കാക്കര: ഹോട്ടലിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴിക്കുന്ന സംഭവത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി.സീ-പോർട്ട് -എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷന് സമീപത്തെ പലാരം റെസ്റ്റോറന്റിനെതിരെയാണ് ഭക്ഷണാവശിഷ്ടം അടങ്ങിയ മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി നോയൽ എക്കോസ്റ്റാറ്റ് റെസി​ഡൻഷ്യൽ അസോസി​യേഷൻ പരാതി നൽകിയത്. ഒരു വർഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് കേരളകൗമുദി വാർത്തയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഷെജി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തെക്കുറിച്ച് ഇന്ന് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ച് 29ന് തൃക്കാക്കര മുനി​സിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും പരിശോധനയ്ക്കുപോലും ഉദ്യോഗസ്ഥർ എത്തിയില്ല. പരാതി​ക്ക് മറുപടി​യും നൽകി​യി​ല്ല. മാലിന്യപ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കണ്ടില്ലെങ്കി​ൽ കോടതിയെ സമീപിക്കാനുളള തീരുമാനത്തിലായിരുന്നു അസോസി​യേഷൻ ഭാരവാഹി​കൾ.