തോപ്പുംപടി: പശ്ചിമകൊച്ചിയിലെ അങ്കണവാടികളിൽ ഭക്ഷ്യവസ്തു ക്ഷാമം. രണ്ടാഴ്ച്ചയിലേറെയായി കുട്ടികൾക്ക് നൽകാൻ ഭക്ഷണമില്ലാതെ അങ്കണവാടി ഹെൽപ്പർമാർ വിഷമിക്കുകയാണ്.
ഐ.സി.ഡി.എസ് കൊച്ചി അർബൻ രണ്ടിലെ അങ്കണവാടികളിലാണ് സ്റ്റോക്ക് തീർന്നതിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷണം നൽകാനാവാത്ത സ്ഥിതി സംജാതമായത്. അടുത്തിടെ അങ്കണവാടികളിൽ സ്റ്റോക്കുണ്ടായ ശർക്കരയിൽ പൂപ്പൽ പിടിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്കുമാത്രമുള്ള ഭക്ഷ്യവസ്തുക്കൾ എന്ന നിലയിലേക്ക് സ്റ്റോക്ക് കുറച്ചതോടെയാണ് ഭക്ഷ്യക്ഷാമമുണ്ടായത്. നേരത്തെ മൂന്നാഴ്ചത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ അങ്കണവാടികളിൽ സൂക്ഷിക്കാൻ അനുവദിച്ചിരുന്നു.
ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ അളവ് വർക്കർമാർ സൂപ്പർവൈസർമാർക്ക് നൽകിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായിട്ടും പരിഹാരമായിട്ടില്ല. നിലവിൽ ചില അങ്കണവാടികളിൽ മാത്രം കുട്ടികൾക്ക് നൽകുന്നതിന് അരിയും പയറും മാത്രം അവശേഷിക്കുന്നുണ്ട്. ബാക്കി ഭക്ഷ്യവസ്തുക്കൾ കാലിയായ നിലയിലാണ്. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി വിധിയുള്ളപ്പോഴാണ് ഈ അവസ്ഥ. മാതാപിതാക്കളും അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റിയും ചേർന്ന് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി കുട്ടികൾക്ക് നൽകാനാണ് ശിശു വികസന പദ്ധതി ഓഫീസർ നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ച് നാട്ടുകാരുടെയും മാതാപിതാക്കളുടേയും സഹായത്തോടെയും വർക്കർമാർ സ്വയം കണ്ടെത്തിയും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചാണ് നിലവിൽ കുട്ടികൾക്ക് നൽകുന്നത്.