തൃക്കാക്കര: തമിഴ്നാട് തേനിയിൽ ബിനിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ നിരവധി മലയാളികൾ കുടുങ്ങി. തേനിയിൽ 13 ഏക്കർ ഭൂമിയിൽ മണൽ ബിസിനസ് നൽകാമെന്ന് വാഗ്ദാനം നൽകി എറണാകുളം സ്വദേശികളായ ഹേമന്ത്, അബാസ്, സുരേഷ് ബാബു എന്നിവരെ കബളിപ്പിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. അബാസ് സുരേഷ് ബാബു എന്നിവരിൽ നിന്നും ഇരുപത്തി അഞ്ചുലക്ഷം രൂപയും ഹേമന്തിൽ നിന്നും 26 ലക്ഷം രൂപയുമാണ് തട്ടിയത്.
അബാസ്, സുരേഷ് ബാബു എന്നിവരുടെ പരാതിയിൽ കളമശേരി പൊലീസും ഹേമന്ദിന്റെ പരാതിയിൽ എളമക്കര പൊലീസും തേനി സ്വദേശി കൃഷ്ണനെതിരെ കേസ് എടുത്തു.
മണൽ ബിസിനസുകാരായ അബാസ്, സുരേഷ് ബാബു എന്നിവരുടെ നിർദേശത്തെ തുടർന്നാണ് ഹേമന്ത് പണം മുടക്കിയത്. തന്റെ മാതാവിന്റെ സ്ഥലമാണെന്ന് കാട്ടി വ്യാജ രേഖകൾ കാട്ടിയാണ് ഇവരെ കബളിപ്പിച്ചത്. 2021 മാർച്ച് കൃഷ്ണനും ഹേമന്തും തമ്മിൽ പങ്കാളിത്ത കരാറുണ്ടാക്കുകയും കരാർ പ്രകാരം തുകയും നൽകി. പണം വാങ്ങിയ ശേഷം കൃഷ്ണൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.