
മൂവാറ്റുപുഴ: ഔഷധമെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ള തേൻ ഉത്പാദനത്തിൽ തുടങ്ങി ആന്തൂറിയത്തിലും കൂൺ കൃഷിയിലും വിജയഗാഥ രചിക്കുകയാണ് പോത്താനിക്കാട് പുളിന്താനം കാട്ടുചിറയിൽ കെ.എം.ജോർജും ഭാര്യ ആലീസ് ജോർജും.പുളിന്താനം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിച്ച ജോർജ് ഭാര്യയ്ക്കൊപ്പം തേനീച്ചക്കൃഷിയിലൂടെയാണ് ജീവിതത്തിൽ വേറിട്ടവഴി വെട്ടിത്തുറന്നത്.
കൃഷി എന്നും ജോർജിന് സന്തോഷം പകരുന്ന കാര്യമായിരുന്നു. വിരമിച്ച ശേഷം മുഴുവൻ സമയവും കാർഷിക ജോലികൾക്കായി സമയം ചെലവഴിക്കാൻ തീരുമാനിച്ച ജോർജ് 300-ഓളം തേനീച്ചക്കൂടുകളാണ് തന്റെ ഉടമസ്ഥതയിലെ സ്ഥലത്തെ പറമ്പുകളിലുമായി സ്ഥാപിച്ചിരിക്കുന്നത്. ചെറുതേനും വൻതേനും ഒരേസമയം കൃഷിചെയ്യുന്ന ചുരുക്കം പേരിലൊരാളാണ് ജോർജ്. തേൻ ഉത്പാദനത്തിനോടൊപ്പം കൂൺ കൃഷി, മത്സ്യക്കൃഷി, പച്ചക്കറിക്കൃഷി, പുഷ്പക്കൃഷി എന്നിവയിലും അദ്ദേഹം വ്യാപൃതനാണ്. ആന്തൂറിയം, യു ഫോർബിയ, ഓർക്കിഡ്, അഡീനിയം തുടങ്ങിയവ ജോർജും ആലീസും നട്ടുവളർത്തുന്നു. 1990ൽ വെറും നാലു ചെടിയുമായി തുടങ്ങിയതാണ് ആന്തൂറിയം കൃഷി. ഇന്ന് പല ഇനങ്ങളിലായി അമ്പതിൽപ്പരം ചെടികളാണ് വീട്ടുമുറ്റത്തുള്ളത്. അഗ്നിഹോത്രി,ടിനോലിമ വൈറ്റ്, ലൂസിയ, അരുൺ ഗോൾഡ് എന്നിങ്ങനെ വിപണി മൂല്യമുള്ള ഇനങ്ങളെ കൂടാതെ മിനിയേച്ചർ ആന്തൂറിയങ്ങളുടെ ഒരു വലിയ ശേഖരം ജോർജിന്റെ തോട്ടത്തെ സമ്പന്നമാക്കുന്നു. ആന്തൂറിയത്തിന്റെ പൂവും തൈകളും തേടി നിരവധിപേർ എത്തുന്നുണ്ട്. മേൽത്തരം മാവുകൾ, നാരകം, റോസ്, അഡീനിയം എന്നിവയുടെ തൈകൾ സ്വയം ഉത്പാദിപ്പിച്ച് പരിപാലിക്കുന്നു. ജൈവ രീതിയിലാണ് കൃഷികളെല്ലാം. ചാണകം, കമ്പോസ്റ്റ് എന്നിവ വളമായി നൽകുന്നതുകൂടാതെ കരിയില വിതറി പൊതയിടുകയും ചെയ്യുന്നു. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, അടയ്ക്ക, ജാതി, പ്ലാവ് ,റബ്ബർ എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കുന്നു. പാലിനും ചാണകത്തിനുമായി പശുക്കളെയും മുട്ടയ്ക്കായി കോഴികളെയും വളർത്തുന്നുണ്ട്. സമീപ കാലത്തായി കൂൺ കൃഷിയിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ് ജോർജും ആലീസും. കൂൺ ഉത്പാദനം വാണിജ്യാടിസ്ഥാനത്തിലാക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. പോത്താനിക്കാട് കൃഷി ഓഫീസർ
കെ.എസ്.സണ്ണിയും കൃഷി അസിസ്റ്റന്റുമാരായ സൗമ്യയും അനിതയും ഇരുവർക്കും പിന്തുണയുമായി കൂടെയുണ്ട്.