കൊച്ചി: നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച നിയമാവലിക്ക് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. തെരുവുകച്ചവടക്കാരുടെ ജീവനോപാധി സംരക്ഷണ പദ്ധതി അടിസ്ഥാനമാക്കിയാണ് നിയമാവലി. നിലവിൽ 2,778 പേർക്ക് താത്കാലിക ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഇതിൽ 800ഓളം പേർക്ക് മാത്രമാണ് യഥാർത്ഥത്തിൽ ലൈസൻസിന് അർഹതയുള്ളതെന്ന് പല കൗൺസിലർമാരും ചൂണ്ടിക്കാട്ടി.
കച്ചവട മേഖലയുടെ ന്യായവില അനുസൃതമായി 10 ചതുരശ്രയടി വരെയുള്ള കച്ചവടത്തിന് 750 രൂപയും 25 വരെയുള്ളവയ്ക്ക് 1,500 രൂപയുമാണ് കുറഞ്ഞ ഫീസ്. നിയമാവലിയുടെ അടിസ്ഥാനത്തിൽ പുതിയ വെൻഡിംഗ് കമ്മിറ്റി രൂപവത്കരിച്ച് താത്കാലിക ലൈസൻസ് നൽകിയതിൽ പരിശോധന നടത്തുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഡിവിഷനുകളിൽ കൗൺസിലറുടെ അദ്ധ്യക്ഷതയിൽ രൂപവത്കരിച്ച ജാഗ്രതാ സമിതിയാണ് ഏതൊക്കെ കച്ചവടക്കാർക്ക് സ്ഥിരം ലൈസൻസ് നൽകണമെന്ന് തീരുമാനിക്കേണ്ടത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർക്ക് ലൈസൻസ് നൽകരുതെന്ന് കൗൺസിലിൽ അഭിപ്രായം ഉയർന്നു.
2021 ആഗസ്റ്റ് 10ന് കൂടിയ പ്രത്യേക കൗൺസിൽ യോഗമാണ് നിയമാവലി തയ്യാറാക്കിയത്. അനധികൃത കച്ചവടക്കാർ കൂടിയതോടെ ഉപജീവനത്തിനു നഗരനിരത്തുകളിൽ ചെറിയ തട്ടിട്ട് ലോട്ടറി കച്ചവടം നടത്തുന്നവരെപോലും ഒഴിവാക്കേണ്ടി വന്നതായി മേയർ പറഞ്ഞു.
നഗരത്തിലെ തെരുവുകച്ചവടക്കാരുടെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രതിനിധികളും കൗൺസിൽ പ്രതിനിധികളും പൊലിസ്, ജി.സി.ഡി.എ, ടൗൺപ്ലാനിംഗ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും അടങ്ങുന്ന ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് അർഹരായ തെരുവുകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്.
പോർട്ട് ട്രസ്റ്റിനോട് പണം വാങ്ങും
കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഭൂമിയിലെ ജൈവ, അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പോർട്ട് അതോറിറ്റിയും കോർപ്പറേഷനും തമ്മിലുണ്ടാക്കിയ കരാർ കാലാവധി 2020 ഡിസംബർ 20 ന് അവസാനിച്ചതാണ്. കഴിഞ്ഞ വർഷം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വിട്ടുനൽകിയ വാഹനങ്ങളുടെ വാടക ഇതുവരെ അതോറിറ്റി കോർപ്പറേഷനിൽ അടച്ചിട്ടില്ല. വാടക കുടിശിക ആവശ്യപ്പെടാനും കരാർ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.