തൃക്കാക്കര: ജില്ലയിൽ ദേശീയപാതാ വികസനത്തിന് ഏറ്റെടുത്തശേഷം അവശേഷിച്ച ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി വേഗത്തിലാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയപാതയിൽ നിന്ന് മൂന്ന് തൊട്ട് ഏഴര മീറ്റർ വരെ പരിധിയിൽ കെട്ടിടങ്ങളും ഒറ്റമുറി ചെറുകിട വ്യാപാര സ്ഥാപനങ്ങളും നിർമിക്കാനുള്ള എൻ.ഒ.സി വേഗത്തിൽ നൽകാൻ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അപേക്ഷകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദേശീയപാതാ അതോറിറ്റിയിൽ നിന്ന് നേരിട്ട് അനുമതി ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജൂലായ് 30 വരെയുള്ള അപേക്ഷകൾ ക്രോഡീകരിച്ച് എൻ.എച്ച് ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിൽ നൽകണമെന്നും കളക്ടർ പറഞ്ഞു.താമസിക്കാൻ ഉദ്ദേശിച്ചുള്ള കെട്ടിടങ്ങൾക്കും ഒറ്റമുറി വ്യാപാര സ്ഥാപനങ്ങൾക്കും അപേക്ഷാ ഫീസോ, ലൈസൻസ് ചാർജോ നൽകേണ്ടതില്ല.വൻകിട വ്യാപാര സ്ഥാപനങ്ങൾ നിരാക്ഷേപ പത്രത്തിന് കാക്കനാട്ടെ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.. അപേക്ഷകർ നിരാക്ഷേപ പത്രം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുൺ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാൽ, എൻ.എച്ച്.എ.ഐ മാനേജർ ദേബപ്രസാദ് സാഹു, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര, ആലങ്ങാട് പഞ്ചായത്തുകൾ, പറവൂർ നഗരസഭ, കൊച്ചി കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.