കൊച്ചി: സ്വകാര്യ മൊബൈൽ കമ്പനികളുടെ പോസ്റ്റിടൽ സംബന്ധിച്ച കുരുക്കഴിഞ്ഞു. മേയറുടെ മുൻകൂർ അനുമതിയുടെ മറവിൽ ഡിവിഷൻ കൗൺസിലർമാരുടെ അറിവില്ലാതെ കമ്പനികളുടെ കരാറുകാർ ഓവർഹെഡ് കേബിൾ വലിക്കാൻ പോസ്റ്റിടുന്നത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഓരോ ഡിവിഷനിലും തയാറാക്കിയ മാപ്പിന് വിരുദ്ധമായി കേബിൾ വലിക്കുന്നുണ്ടെങ്കിൽ കരാർ കമ്പനിക്ക് എതിരെ നഗരാസൂത്രണ കമ്മിറ്റി നടപടിയെടുക്കുമെന്ന് മേയർ നൽകിയ ഉറപ്പിനെത്തുടർന്ന് മുൻകൂർ അനുമതിയും തുടർ പ്രവൃത്തിക്കുന്ന അനുമതിയും കൗൺസിൽ അംഗീകരിച്ചു.
ഓരോ കമ്പനിയും സ്ഥാപിക്കുന്ന പോസ്റ്റിന് പ്രത്യേക കളർ കോഡ് നൽകണമെന്ന് പ്രതിപക്ഷ കൗൺസിലർ എം.ജി. അരിസ്‌റ്റോട്ടിൽ ആവശ്യപ്പെട്ടു. നിലവിൽ സ്ഥാപിച്ച പോസ്റ്റുകളും ഇനി വേണ്ടത് എത്രയെന്നും കണക്കെടുക്കണം. അതാത് കൗൺസിലർമാരുടെ അനുമതി ഇനിമുതൽ ഇത്തരം പ്രവർത്തി അനുവദിക്കുന്നതിന് നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിറ്റൂർ റോഡ് ടാർ ചെയ്ത് നാലാം ദിവസം കുഴിച്ച് പോസ്റ്റിട്ടത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് ബി.ജെ.പി കൗൺസിലർ സുധ ദിലീപ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും 48 മണിക്കൂറിനുള്ളിൽ മുഴുവൻ പോസ്റ്റും സ്ഥാപിച്ച് കഴിഞ്ഞെന്നും പലയിടത്തും വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു.

 സാമ്പത്തിക നേട്ടമുണ്ടായി

കൊവിഡ് കാലത്ത് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാളുകളിൽ 15 കോടി രൂപ ലഭിക്കുമെന്നതിനാലാണ് കമ്പനികൾക്ക് മുൻകൂർ അനുമതി നൽകിയതെന്ന് മേയർ പറഞ്ഞു. ധനകാര്യ കമ്മിറ്റിയിൽ നാല് യു.ഡി.എഫ് കൗൺസിലർമാർ യോജിപ്പ് രേഖപ്പെടുത്തിയതിനാൽ സുതാര്യത ഉറപ്പുവരുത്താൻ ഡിവിഷൻ മാപ്പിംഗിനു നിർദേശം നൽകിയിരുന്നു. ഓരോ ഡിവിഷനിലും പോസ്റ്റുകൾ ഇട്ടതിന്റെ മാപ്പ് തയാറാക്കി. അനുമതി നൽകിയ റോഡിന്റെ മറവിൽ ഇടറോഡുകളിലും കമ്പനികൾ പോസ്റ്റുകൾ വലിച്ചതായി മനസിലാക്കിയിട്ടുണ്ട്. അത് തിരുത്താനാണ് പുതിയ അനുമതിക്കായി കമ്പനികൾ വീണ്ടും കോർപ്പറേഷനെ സമീപിച്ചത്. നഗരാസൂത്രണ കമ്മിറ്റി ഇക്കാര്യമെല്ലാം പരിശോധിക്കും. കരാറുകാർ മുൻകൂർ അനുമതി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും മേയർ പറഞ്ഞു.