കൊച്ചി: ആഴ്ചയിൽ ഒരു ദിവസം അവധി ആവശ്യപ്പെട്ട് സുഭാഷ് പാർക്ക്. ലോകമെമ്പാടും പാർക്കുകൾക്കും മ്യൂസിയങ്ങൾക്കും ആഴ്ചയിൽ ഒരവധിയുണ്ട്. ഇത് സുഭാഷ്‌ പാർക്കിനും ബാധകമാക്കണമെന്നാണ് നടത്തിപ്പ് ചുമതല വഹിക്കുന്ന സി- ഹെഡ് (സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ്)​ അധികൃതരുടെ ആവശ്യം.

കൊവിഡിന്റെ മൂർദ്ധന്യത്തിൽ ഒരു വർഷത്തോളം അടച്ചിട്ടത് ഒഴിച്ചാൽ പാർക്ക് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കായൽക്കാറ്റു കൊള്ളാനും വിശ്രമിക്കാനും സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കാനുമുള്ള ശാന്തമായ പൊതുയിടം മാത്രമല്ല, ജില്ലയിലെ തന്നെ പ്രധാന വിനോദകേന്ദ്രവും കുട്ടികളുടെ കളിയിടവുമാണ് സുഭാഷ് പാർക്ക്. ശലഭോദ്യാനം ഔഷധസസ്യങ്ങൾ, ആഗോള പ്രശസ്തരായ കലാകാരൻമാരുടെ ശില്പങ്ങൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ സുഭാഷ് പാർക്കിനെ വേറിട്ടുനിറുത്തുന്നു. ആർട്ട് സ്‌പേസ് കൊച്ചി (ആസ്ക് ) യുടെ കലാപരിപാടികൾക്കും ഇവിടം വേദിയാകാറുണ്ട്.

 സിനിമയ്ക്കും പ്രിയങ്കരം

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ 'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം' എന്ന പ്രശസ്തമായ ഗാനരംഗം ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ അയ്യായിരം പേർ പാർക്കിലെത്താറുണ്ട്. അവധിദിനങ്ങളിൽ സന്ദർശകരുടെ എണ്ണം പതിനായിരം കടക്കും. പാർക്കിന്റെ പരിപാലനത്തിന് 40 ജീവനക്കാരുണ്ട്.

 ഇതു പഴയ പാർക്കല്ല

ജനബാഹുല്യം മൂലം 500 ഓളം മരങ്ങളുടേയും മറ്റു സസ്യങ്ങളുടെയും പരിപാലനവും പുൽത്തകിടി സംരക്ഷണവും ദുഷ്കരമായിട്ടുണ്ടെന്ന് സി-ഹെഡ് അധികൃതർ പറഞ്ഞു. പാർക്കിലെ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് കണക്കിലെടുത്താണ് അവധി ആവശ്യപ്പെടുന്നത്. ഒരു ദിവസമെങ്കിലും മനുഷ്യസാമീപ്യം ഒഴിവാക്കുന്നത് ഗുണം ചെയ്യും.

ഉഷ്ണമേഖലാ രാജ്യങ്ങളിലെ പാർക്കുകളെല്ലാം ആഴ്ചയിൽ ഒരു ദിവസം അടച്ചിടുന്നുണ്ട്. എല്ലായിടത്തും തിങ്കളാഴ്ചയാണ് അവധി. സസ്യ, ജന്തുജാലങ്ങൾക്ക് ശരിയായ വിശ്രമം ലഭിക്കുക. മരങ്ങളുടെ ശിഖരം ഒതുക്കൽ, വളമിടൽ, മരുന്നുതളി, മറ്റ് അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ അവധി ദിനങ്ങളുടെ ക്രമീകരണം എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായാണിത്.

 എതിർപ്പുമായി യു.ഡി.എഫ്

പാർക്കിന് എല്ലാ തിങ്കളാഴ്ചകളിലും അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്ന സി- ഹെഡിന്റെ ശുപാർശ നഗരസഭാ കൗൺസിലിൽ പരിഗണിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് വിഷയം നഗരാസൂത്രണ സ്ഥിരം സമിതിക്കു വിട്ടു. എല്ലാ ദിവസവും മൂന്നു മണിക്ക് തുറക്കുന്ന പാർക്കിന് പ്രത്യേകം അവധി ആവശ്യമില്ലെന്നാണ് യു.ഡി.എഫ് നിലപാട്.