power

കൊച്ചി: വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറുമ്പോൾ കൊച്ചി മെട്രോ സ്റ്റേഷനുകൾ വൈദ്യുതി വാഹനങ്ങളുടെ സൗരോർജ ചാർജിംഗ് ഹബ്ബായി മാറ്റാനൊരുങ്ങുകായണ് സർക്കാർ. ആദ്യഘട്ടത്തിൽ കുസാറ്റ്, മുട്ടം സ്റ്റേഷനുകളിൽ ഹബ്ബ് സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി.

സംസ്ഥാനമാകെ സൗരോർജ ചാർജിംഗ് ഹബ്ബുകളൊരുക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നടപടികൾ. ഒരേസമയം ഒമ്പത് വാഹനങ്ങൾ ചാർജ് ചെയ്യാനാകും. അനർട്ടിനാണ് നടത്തിപ്പ് ചുമതല.

സംസ്ഥാനത്ത് ആറ് ഹബ്ബുകളിൽ നാലെണ്ണത്തിന് സ്ഥലം കണ്ടെത്തി. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്, തൃശൂർ കുന്ദംകുളം എന്നിവിടങ്ങളിൽ നിർമ്മാണവും ആരംഭിച്ചു. കരാർപ്രകാരം സ്ഥലം നൽകുന്നവർക്ക് യൂണിറ്റിന് ഒരു രൂപ വീതം ലഭിക്കും.

 ഒന്നിച്ച് 9

വാഹനങ്ങൾ

ഒരു ഹബ്ബിൽ ഒരേസമയം ഒമ്പത് വാഹനങ്ങൾ ചാർജ് ചെയ്യാനാകും. അഞ്ചു കാർ, മൂന്ന് ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവയാണ് ചാർജ് ചെയ്യുക. മൂന്ന് ചാർജിംഗ് മെഷീനുകൾ വീതമുണ്ടാകും. 82, 60, 10 എന്നീ കിലോവാട്ടിന്റെ മൂന്ന് ചാർജിംഗ് മെഷീനാകും സ്ഥാപിക്കും.

 1,500 ചതുരശ്ര അടി,

35 ലക്ഷം
1,500 ചതുരശ്ര അടിയിലാണ് ഒരു ഹബ്ബ്. ഒരു ഹബ്ബിൽ 5 കിലോവാട്ട് വൈദ്യുതി വേണം. ഒരു കിലോവാട്ട് വൈദ്യുതിക്ക് നാല് സൗരോർജ പാനൽ. അഞ്ച് കിലോവാട്ടിന് 20 പാനൽ സ്ഥാപിക്കാൻ മാത്രം 500 ചതുരശ്ര അടി സ്ഥലം. മേൽക്കൂരയോട് കൂടി സ്‌റ്റേഷൻ സ്ഥാപിക്കാൻ 35ലക്ഷമാകും.

 എണ്ണം കൂട്ടും
അടുത്ത ഘട്ടങ്ങളിൽ ചാർജിംഗ് ഹബ്ബുകളുടെ എണ്ണം കൂട്ടും. ദേശീയ പാതയോരങ്ങളിലെ സർക്കാർ സ്ഥാപനങ്ങളും പരിഗണിക്കും. റിഫ്രഷ്‌മെന്റ് ഏരിയയും കഫെറ്റീരിയയുമുണ്ടെങ്കിൽ മുൻഗണന. 10 വർഷത്തേക്ക് അനർട്ടിന് സ്ഥലം വിട്ടുനൽകണം.

ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കുന്നതിനാൽ ചാർജിംഗ് സ്‌റ്റേഷനുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്
ജെ. മനോഹർ,
ഇ- മൊബിലിറ്റി സെൽ മേധാവി,
അനർട്ട്

82കിലോവാട്ട് മെഷീൻ- 2 സി.സി.എസ് ഗൺ (ചാർജിംഗ് വാൽവ്), 22 കിലോവാട്ട് ടൈപ്പ് 2 എ.സി. ആകെ മൂന്ന് ഗൺ- മൂന്ന് കാറുകൾ ഒരുമിച്ച് ചാർജ് ചെയ്യാം

60കിലോവാട്ട് മെഷീൻ- രണ്ട് സി.സി.എസ് ഗൺ. രണ്ട് കാറുകൾ ഒരുമിച്ച് ചാർജ് ചെയ്യാം

10കിലോവാട്ട് മെഷീൻ- 3.3 എ.സി ചാർജർ, മൂന്ന് ഗൺ. മൂന്ന് ഓട്ടോറിക്ഷകൾ ഒരേസമയം ചാർജ് ചെയ്യാം.ഈ മെഷീനിൽ തന്നെ 7.5 ടൈപ്പ് 2 എ.സി ചാർജറും കാണും. ഇതിൽ ഒരു ബൈക്കോ സ്‌കൂട്ടറോ ചാർജ് ചെയ്യാം.