കൊച്ചി: സാമ്പത്തിക പ്രതിസന്ധിലായ കൊച്ചി കോർപ്പറേഷന് തിരിച്ചടിയായി പൊതുമരാമത്ത് പ്രവൃത്തികൾക്കുള്ള 82 കോടി രൂപയുടെ ബില്ലുകൾ പാസാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഡിറ്റ് വിഭാഗം അനുമതി നിഷേധിച്ചു. മരാമത്ത് പ്രവൃത്തികളുടെ 82.28 കോടിയുടെ ചെലവുകളുടെ പൂർണവിവരങ്ങൾ ലഭ്യമാക്കാത്തതാണ് ബില്ലുകൾ പാസാകാത്തതിന് കാരണം. ഓഡിറ്റിന് രേഖകൾ ലഭ്യമാക്കാത്തതിലെ വീഴ്ചയ്ക്ക് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടെന്നും 82.28 കോടിയുടെ ചെലവ് തടസപ്പെടുത്തുന്നതായും 2021- 22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി.സാമ്പത്തികവർഷത്തിന്റെ ആദ്യത്തെ 10 മാസം യു.ഡി.എഫിലെ സൗമിനി ജെയിൻ മേയറായിരുന്ന ഭരണസമിതിയായിരുന്നു. തുടർന്നാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.
ആകെ പദ്ധതികൾ: 1380
തുക വിനിയോഗിച്ച പദ്ധതികൾ : 1034
ചെലഴിക്കാത്ത പദ്ധതികൾ: 346
ആകെ അടങ്കൽ: 178 .17 കോടി
20-21 വർഷത്തിൽ വിനിയോഗിച്ച തുക: 107. 54 കോടി
പരിശോധനയ്ക്ക് ലഭ്യമാക്കിയത് 333 പദ്ധതികൾ
ഇതിനായി ചെലവഴിച്ചത്: 25.25 കോടി
പരിശോധനയ്ക്ക് ലഭിക്കാനുള്ളത്: 701 പദ്ധതികൾ
82.28 കോടി ചെലവഴിച്ചതിന്റെ കണക്കുകൾ നൽകിയിട്ടില്ല
1.31 കോടിയുടെ ചെക്കുകൾ മടങ്ങി
കോർപ്പറേഷനിലേക്ക് വിവിധ നികുതിയിനങ്ങളിൽ ലഭിച്ച ചെക്കുകളിലായി മടങ്ങിയത് 1.31 കോടി രൂപ. 2011 നവംബർ മുതൽ 2019 ഒക്‌ടോബർ വരെ ബൗൺസായ ചെക്കുകളുടെ കണക്കാണിത്. ആകെ ലഭിച്ച 278 വണ്ടിച്ചെക്കുകളിൽ 43 എണ്ണത്തിൽ മാത്രമേ തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞുള്ളൂ. ബാക്കി 235 ചെക്കുകളിലായാണ് 1.31 കോടി രൂപ മുടങ്ങിക്കിടക്കുന്നത്. 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് നികുതി പിരിവിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത്
ചെക്ക് രജിസ്റ്റർ അപൂർണം
കോർപ്പറേഷന് ലഭിക്കേണ്ട റവന്യൂ വരുമാനത്തിൽ കൂടുതലും ചെക്ക് മുഖേനയാണ് സ്വീകരിക്കുന്നത്. ഇതിന് അതാത് തുകയ്ക്കുള്ള രസീത് നൽകി ചെക്ക് സ്വീകരിച്ചതായി രജിസ്റ്ററിൽ ചേർത്ത് ബാങ്കിൽ സമർപ്പിക്കും. ചെക്ക് ബാങ്കിൽ നിക്ഷേപിച്ച തിയതി, പണം ലഭിച്ച തിയതി, ചെക്ക് മടങ്ങിയോ ഇല്ലയോ തുടങ്ങിയ രജിസ്റ്ററിലെ കോളങ്ങൾ പൂരിപ്പിച്ചിട്ടില്ല. അതിനാൽ ചെക്ക് മുഖേനയുള്ള റവന്യൂ വരവ് പൂർണമായും കോർപ്പറേഷൻ അക്കൗണ്ടിൽ മുതൽക്കുട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ചെക്ക് മുഖേന വന്ന തുക മുഴുവനും അക്കൗണ്ടിൽ വന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനും സാധിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.