മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ഉടമസ്ഥതയിലെ വാണിജ്യ സമുച്ചയങ്ങളിലെ മുറികളുടെ വാടക പി.ഡബ്ല്യു.ഡി നിരക്കിലേക്കുയർത്തിയ കൗൺസിൽ തീരുമാനം മൂന്നുമാസത്തേക്ക് നടപ്പാക്കില്ലെന്ന് ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു. നിരക്ക് വർദ്ധന പുനഃപരിശോധിക്കണമെന്ന രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.
ചെറിയ തുകയ്ക്ക് നഗരസഭയിൽ നിന്ന് ലേലംകൊണ്ട് വൻ വാടകയ്ക്കും വിലയ്ക്കും മറിച്ചു നൽകിയ മുറി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. അത്തരക്കാരെ കണ്ടെത്തി മുറികൾ തിരിച്ചുപിടിച്ച് വീണ്ടും ലേലം ചെയ്യും. അതിനുശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് വർദ്ധിപ്പിച്ച വാടക നിരക്കിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് പി.പി.എൽദോസ് പറഞ്ഞു.
വ്യാപാരികളുടെ താത്പര്യം ഹനിക്കാൻ നഗരസഭയ്ക്ക് ഉദ്ദേശമില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നഗരസഭ കടന്നുപോകുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി വരുമാനം ഉയർത്തേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വെള്ളം, വെളിച്ചം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്ക് കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് മുനിസിപ്പൽ കെട്ടിടങ്ങളുടെ വാടക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയാണ് മുറി നൽകിയിരിക്കുന്നത് എന്ന പ്രചരണം ശരിയല്ല. മത്സരസ്വഭാവത്തിൽ വ്യാപാരികൾ ലേലത്തിൽ പങ്കെടുത്ത ഏതാനും മുറികൾക്ക് മാത്രമാണ് ഉയർന്ന അഡ്വാൻസ് ഉള്ളത്. നിലവിലെ പ്രശ്നങ്ങളിൽ വ്യാപാരി വ്യവസായി സമിതി, വ്യാപാരി സംഘ്, മർച്ചന്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുമായും ചർച്ച നടത്തിയതിനും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയതിനും ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.