court

 ഹർജി ഇന്നത്തേക്ക് മാറ്റി  അപേക്ഷിക്കാനുള്ള സമയപരിധി ഇന്നുവരെ നീട്ടി

കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം ഒന്നോ രണ്ടോ ദിവസം വൈകുന്നത് കാരണം സംസ്ഥാന സിലബസിലേക്കു മാറാനുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ പ്രവേശനത്തീയതി നീട്ടിക്കൊണ്ടുപോയാൽ അദ്ധ്യായനദിനങ്ങൾ കുറയുമെന്നും സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് സപ്ളിമെന്ററി അലോട്ട്മെന്റിൽ അവസരം ഒരുക്കാൻ തയ്യാറാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഹയർ സെക്കൻഡറി) ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാലിത് കോടതി അംഗീകരിച്ചില്ല.

പ്ളസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശികളും സി.ബി.എസ്.ഇ പത്താം ക്ളാസ് വിദ്യാർത്ഥികളുമായ അമീൻ സലിം, മുഹമ്മദ് സിനൻ എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് രാജ വിജയരാഘവനാണ് പരിഗണിച്ചത്. എന്നാൽ ഫലപ്രഖ്യാപനം വൈകില്ലെന്ന സി.ബി.എസ്.ഇ അഭിഭാഷകന്റെ വിശദീകരണം കണക്കിലെടുത്ത സിംഗിൾബെഞ്ച് ഹർജി ഇന്നു വൈകിട്ട് മൂന്നിനു പരിഗണിക്കാൻ മാറ്റി. അതേസമയം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നു വരെ നീട്ടി. നാലു ലക്ഷം വിദ്യാർത്ഥികളാണ് പ്രവേശനം കാത്തിരിക്കുന്നത്.

 വേണ്ടത് 200 പ്രവൃത്തിദിനം

2022-2023 അദ്ധ്യായന വർഷം 200 പ്രവൃത്തിദിനം വേണമെന്ന് സർക്കാർ വിശദീകരിച്ചു. ആദ്യ അലോട്ട്മെന്റ് ജൂലായ് 27ന് നടത്താനും ക്ളാസ് ആഗസ്റ്റ് 17നു തുടങ്ങാനുമാണ് നിശ്ചയിച്ചിരുന്നത്. തുടർന്നുള്ള അലോട്ട്മെന്റുകൾ ആഗസ്റ്റ് 29 മുതൽ സെപ്തംബർ 30 വരെ നടത്തും.

ആഗസ്റ്റ് 17ന് ക്ളാസ് തുടങ്ങിയാൽതന്നെ ഇത്രയും ദിനങ്ങൾ ലഭിക്കില്ല. അതിനാൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാൻ നിശ്ചയിച്ചിട്ടുണ്ട്. പ്രവേശന തീയതി നീട്ടിയാൽ സെപ്തംബറിലേ ക്ളാസ് തുടങ്ങാനാവൂ എന്നും സർക്കാർ വ്യക്തമാക്കി.