
ആലുവ: ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി ഇന്നലെ വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ വീട്ടമ്മമാർ കമ്പനി ഉപരോധിച്ചു. കഴിഞ്ഞ മാസം നടന്ന പ്രത്യേക ഗ്രാമസഭ ജനവാസ മേഖലയിൽ നിന്ന് കമ്പനി മാറ്റി സ്ഥാപിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. വീണ്ടും പ്രവത്തനം തുടങ്ങിയപ്പോൾ രൂക്ഷമായ ദുർഗ്ഗന്ധം പരന്നതോടെയാണ് നടപടി. തുടർന്ന് കമ്പനിയുടെ പ്രവർത്തനം നിറുത്തിവച്ചു.
കമ്പനി പ്രവർത്തിച്ചപ്പോൾ ദുർഗന്ധം സഹിക്കാനായില്ലെന്ന് വീട്ടമ്മമാർ പറഞ്ഞു. സമീപവാസികളിൽ പലരും ശ്വാസം മുട്ട് പോലുള്ള അസുഖങ്ങളുള്ളവരായതിനാൽ ഉടൻ കമ്പനി മാറ്റി സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കീഴ്മാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ 300ഓളം പേർ പങ്കെടുത്ത പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് വിവാദ കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്.
അന്വേഷണ
കമ്മിഷനെ നിയോഗിച്ചു
സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എ. ബഷീറിന്റെ ഉടമസ്ഥതയിലുള്ള എടയപ്പുറത്തെ കാർബൺ പേപ്പർ കമ്പനിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗം കാജ മൂസ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിന്മേൽ ഏരിയാ കമ്മിറ്റി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. എ.സി അംഗങ്ങളായ ഇ.എം. സലീം, തമ്പിപോൾ, ടി.വി. പ്രതീഷ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
അടിയന്തരമായി വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പരാതി എ.സിക്ക് കൈമാറുകയായിരുന്നു. നേരത്തെ എ.സിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിയെ സമീപച്ചത്. കമ്മിഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ എടയപ്പുറം നോർത്ത് ബ്രാഞ്ച് യോഗം ചേർന്ന് അംഗങ്ങളുടെ അഭിപ്രായം തേടി.
13 അംഗങ്ങളിൽ സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരുടെ മാത്രം പിന്തുണയാണ് എ.സി നേതാവിന് ലഭിച്ചത്. മറ്റുള്ളവരെല്ലാം കമ്പനി മാറ്റി സ്ഥാപിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ ലോക്കൽ കമ്മിറ്റിയിൽ ഒരാൾ ഒഴികെയുള്ളവരെല്ലാം കമ്പനി നിലവിലുള്ള സ്ഥലത്ത് തന്നെ തുടരട്ടെയെന്നാണ് അഭിപ്രായപ്പെട്ടത്.