വി.എസ്. വേലു
കുറുപ്പംപടി:പെരുമ്പാവൂർ നഗരസഭ 20-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്ലാസിക് ടവർ ഷോപ്പിംഗ് കോംപ്ലക്സിലേക്കുള്ള വഴിയിൽ മഴപെയ്താൽ മുട്ടോളം വെള്ളം.ആവശ്യക്കാർക്ക് അകത്തേക്ക് കയറാൻപോലും സാധിക്കാത്ത തരത്തിലാണ് കോംപ്ലക്സിൽ പ്രവേശിക്കുന്നതിന് പാകിയിട്ടുള്ള വിരിക്കട്ടയിൽ വെള്ളം കയറുന്നത്. കോംപ്ലക്സിലെ സ്ഥാപനങ്ങൾക്കുള്ളിലും ചെളിക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ക്ലാസിക് ടവർ. ഹോൾസെയിൽ പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ, ഗർഭിണികൾ അടക്കം വന്നുപോകുന്ന സ്കാനിംഗ് സെന്റർ, കനറാ ബാങ്ക്, കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റ്, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ഉത്പന്നങ്ങളും മരുന്നുകളും മൊത്തക്കച്ചവടം നടത്തുന്ന ഫാർമസി എന്നിവ ക്ലാസിക് ടവറിൽ പ്രവർത്തിക്കുന്നു. നിരവധി ഓഫീസുകളും ഇവിടെയുണ്ട്. നൂറു കണക്കിനുപേരാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും ക്ലാസിക് ടവറിൽ വന്നുപോകുന്നത്. കഴിഞ്ഞ മഴക്കാലത്ത് കൊവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്തും ഷോപ്പിംഗ് കോംപ്ലക്സിൽ മലിനജലം കെട്ടിയിരുന്നു.
ഷോപ്പിംഗ് കോംപ്ലക്സിലെ വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു. ഷോപ്പിംഗ് കോംപ്ലക്സിലും പരിസരത്തും കൊതുക് ശല്യം രൂക്ഷമായിക്കഴിഞ്ഞു. ഇവിടത്തെ ചുമട്ടുതൊഴിലാളികൾക്ക് പനിവരുന്നത് പതിവാണ്. തൊഴിലാളികളുടെ കാലുകളിൽ വ്രണങ്ങളുമുണ്ടാകുന്നുണ്ട്. ക്ലാസിക് ടവർ ഷോപ്പിംഗ് കോംപ്ലക്സ് അസോസിയേഷൻ ഭാരവാഹികളോട് പരാതി പറഞ്ഞിട്ടും വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശ്രമമുണ്ടായിട്ടില്ല.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നഗരസഭ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടു.