തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലെ റോഡുകളിൽ അപകടകരമാംവിധം താഴ്ന്നും പൊട്ടിയും കിടക്കുന്ന ടി.വി, ഇന്റർനെറ്റ് കേബിളുകൾ 26 മുതൽ നീക്കിത്തുടങ്ങും. കേബിളുകൾ കാരണം യാത്രക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്‌സന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് കേബിൾ നീക്കാൻ തീരുമാനമായത്. കെ.എസ്.ഇ.ബി, പോലീസ് ഉദ്യോഗസ്ഥർ, കേബിൾ ടി.വി ഓപ്പറേറ്റർമാർ എന്നിവ‌ർ യോഗത്തിൽ പങ്കെടുത്തു.

ഉപയോഗശൂന്യമായതും ടാഗ് ചെയ്യാത്തതുമായ കേബിളുകൾ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മുറിച്ചുനീക്കും. യോഗത്തിൽ മുനിസിപ്പൽ എൻജിനിയർ ഓം പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജീഷ് ബിനു, എം.പൗലോസ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ.ബെന്നി എന്നിവരും പങ്കെടുത്തു.