മൂവാറ്റുപുഴ:തിരക്കേറിയ മൂവാറ്റുപുഴ നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് യാത്രക്കാരെ വലയ്ക്കുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.
പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആരക്കുഴ റോഡ് മുതൽ പി.ഒ ജംഗ്ഷൻ വരെയാണ് അനധികൃത പാർക്കിംഗ് ഏറെ.ഇതുമൂലം കാൽനടയാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് ജനറൽ ആശുപത്രിയിലേക്ക് പോകുന്ന പ്രായമായവരുൾപ്പെടെയുള്ള രോഗികൾ. ബസ് വേയ്ക്കു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും പാർക്കിംഗിനായി ഉപയോഗിക്കുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇരുച്ചക്ര വാഹനങ്ങള്ളുടെ വിശ്രമകേന്ദ്രമായിമാറിക്കഴിഞ്ഞതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിച്ചു. കാറുകളടക്കമുള്ള നിരവധി വാഹനങ്ങളാണ് ദിവസവും ബസ് വേയിൽ സ്ഥാനംപിടിക്കുന്നത്. രാവിലെ വാഹനം പാർക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേയ്ക്ക് യാത്ര പോകുന്നവർ മടങ്ങിയെത്തുമ്പോൾ രാത്രിയാകും. അതുവരെ വഴിമുടക്കിയായി വാഹനങ്ങൾ അവിടെ കിടക്കും.
മൂവാറ്റുപുഴയിൽ നിന്ന് സംസ്ഥാനത്തിന് അകത്തെയും പുറത്തെയും വിവിധയിടങ്ങളിലേയ്ക്ക് പോകേണ്ടവർ നഗരത്തിലെത്തിയാൽ കിട്ടുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതാണ് രീതി. ഓഫീസ് സമയങ്ങളിലാണ് പ്രശ്‌നം കൂടുതൽ സങ്കീർണം. വെള്ളൂർക്കുന്നം, നെഹ്രു പാർക്ക്, കച്ചേരിത്താഴം, കാവുംപടി റോഡ്, വള്ളക്കാലിപടി, കെ.എസ്.ആർ.ടി.സി, എവറസ്റ്റ് ജംഗ്ഷൻ, മാർക്കറ്റ് എന്നുവേണ്ട നഗരത്തിൽ മിക്കയിടത്തും അനധികൃത പാർക്കിംഗ് ദുരിതം സൃഷ്ടിക്കുന്നുണ്ട്. കച്ചവടത്തിന് കെട്ടിടം നിർമ്മിക്കുമ്പോഴും മാളുകൾ നിർമ്മിക്കുമ്പോഴും വാഹന പാർക്കിംഗിനുള്ള സൗകര്യം ഒരുക്കാത്തതിന്റെ ദുരന്തഫലം കൂടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ.നടപടി സ്വീകരിക്കേണ്ട അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. പലവട്ടം പരാതി നൽകിയിട്ടും അധികൃതർ അനങ്ങിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ഗതാഗത കുരുക്കും രൂക്ഷം
അനധികൃത പാർക്കിംഗ് മൂലം ഏറെ പണിപ്പെട്ടാണ് ബസുകൾ ബസ് വേയിലൂടെ കടന്നുപോകുന്നത്. റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ ബസുകൾ മുന്നോട്ട് നീക്കിനിർത്തുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഏരിയ ഒരുക്കണം. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താം.
കെ.എം.ദിലീപ്
പൊതുപ്രവർത്തകൻ