ആലുവ: മരണക്കുഴികൾ രൂപപ്പെട്ട ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും സ്വകാര്യ ബസ് റോഡും അറ്റകുറ്റപ്പണി നടത്താതെ പരസ്പരം പഴിചാരി പെതുമരാമത്ത് വകുപ്പും കിഫ്ബിയും. അപകടങ്ങൾ നിത്യസംഭവമായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇരു റോഡുകളും കിഫ്ബി ഏറ്റെടുത്തതിനാൽ അറ്റകുറ്രപ്പണി നടത്താനാകില്ലെന്നാണ് പി.ഡബ്ളിയു.ഡിയുടെ നിലപാട്. റോഡുകൾ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനായി ഒരു വർഷം മുമ്പാണ് കിഫ്ബി ഏറ്റെടുത്തത്. സർവേ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുത്ത ശേഷമായിരിക്കും റോഡ് നിർമ്മിക്കുക. അതിന് ശേഷം ടാറിംഗ് നടക്കണമെങ്കിൽ വർഷങ്ങളെടുക്കും. നിലവിൽ സർവ്വെ നടപടികൾ പോലും ഇഴയുകയാണ്. കിഫ്ബി പുതിയ റോഡ് നിർമ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

റോഡ് അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസിനെ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധം അറിയിച്ചു. കിഫ്ബിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരാതെ റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകി.