മട്ടാഞ്ചേരി:പശ്ചിമ കൊച്ചിയിൽ തെരുവ് നായ ശല്യം രൂക്ഷമായി. മുൻപ് ഇടറോഡുകൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കളുടെ ശല്യമെങ്കിൽ ഇപ്പോൾ പ്രധാന നിരത്തുകളെയും നായ്ക്കൾ കയ്യടക്കിയിരിക്കുന്നു.പ്രഭാത സവാരിക്കും പ്രാർത്ഥനയ്ക്കും പോകുന്നവർ ഇവയുടെ ആക്രമണത്തിന് ഇരയാവുകയാണ്.പിഞ്ച് കുഞ്ഞുങ്ങളെയും നായ്ക്കൾ അക്രമിക്കുന്നു.

കഴിഞ്ഞ ദിവസം പള്ളുരുത്തി ഇല്ലത്ത് നഗറിൽ അമ്മൂമ്മയോടൊപ്പം വീടിന്റെ ഗെയിറ്റിന് മുന്നിൽ നിൽക്കുകയായിരുന്ന ഒന്നര വയസുകാരിക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായി.അമ്മൂമ്മ ബഹളം വെച്ചതിനാൽ കൂടുതൽ കടിയേൽക്കാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.പള്ളുരുത്തി കല്ല് ചിറ,കച്ചേരിപ്പടി,നാൽപത് അടി റോഡ് തുടങ്ങിയിടങ്ങളിൽ ആളുകളെ അക്രമിച്ച തെരുവ് നായ ചത്തിരുന്നു. മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി പ്രദേശങ്ങളിലും തെരുവ് നായ ശല്യം വർദ്ധിക്കുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആവശ്യം.