മൂവാറ്റുപുഴ: മൂവാറ്റുപുഴ - കോതമംഗലം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പുതുപ്പാടി-ഇരുമലപ്പടി റോഡ് തകർന്നു. കോതമംഗലം നഗരസഭയിലെ പുതുപ്പാടിയിൽ നിന്നാരംഭിച്ച് പായിപ്ര പഞ്ചായത്തിലെ മുളവൂർ, നെല്ലികുഴി പഞ്ചായത്തിലെ ചെറുവട്ടൂർ എന്നിവ വഴി ഇരുമലപ്പടിയിൽ അവസാനിക്കുന്ന പത്തര കിലോമീറ്റർ വരുന്ന റോഡിലാണ് കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയായത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് പന്ത്രണ്ട് വർഷം മുമ്പ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തതാണ്. എന്നാൽ വർഷാവർഷം അറ്റകുറ്റപ്പണി നടത്താത്തതിനാൽ മുളവൂർ, ചെറുവട്ടൂർ ഭാഗത്ത് പലേടത്തും കുഴികളുണ്ടായി. പുതുപ്പാടി, പാലച്ചുവട്, മുളവൂർ ഹെൽത്ത് ജംഗ്ഷൻ, മുളവൂർ ചിറപ്പടി, കൊല്ലൻപടി, എൽ.പി. സ്‌കൂൾപട , പൊന്നിരിക്കപ്പറമ്പ് വായനശാലപ്പടി, മുണ്ടോത്തിപീടിക, ചെറുവട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ കുഴികളാണുണ്ടായിരിക്കുന്നത്. കൊല്ലൽപടിയിലെ വെള്ളക്കെട്ട് സമീപത്തെ വീട്ടുകാർക്കും ഭീഷണിയായിട്ടുണ്ട്. ഇവിടെ രാത്രികാലത്ത് ഇരു ചക്രവാഹനങ്ങൾ മറിയുന്നത് പതിവാണെന്ന് സമീപവാസികൾ പറയുന്നു. റോഡിന് സമീപം ഓടകൾ നിർമിക്കാത്തതാണ് കുഴികൾക്കും വെള്ളക്കെട്ടിനും പ്രധാന കാരണം. ഓടകളും കലുങ്കുകളും നിർമിച്ച ഭാഗങ്ങളിൽ ശുചീകരണ ജോലികൾ നടക്കാത്തതിനാൽ ചെളിയും കല്ലുകളും വന്ന് അടഞ്ഞ നിലയിലാണ്. റോഡ് റീടാർ ചെയ്യാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.