aama

കിഴക്കമ്പലം: അപകടകാരിയായ ചെഞ്ചെവിയൻ ആമയെ കിഴക്കമ്പലത്ത് കണ്ടെത്തി. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമകൾക്ക് പല രാജ്യങ്ങളിലും നിയന്ത്രണമുണ്ട്.

അഞ്ചാം ക്ളാസ് വിദ്യാർത്ഥി ഫസീൻ പഴങ്ങനാട് പുളിക്കൽകര പാടശേഖരത്തിലെ തോട്ടിൽ ചൂണ്ടയിടുന്നതിനിടെ കൊളുത്തിയതാണ് ചെഞ്ചെവിയൻ ആമ. കാഴ്ചയിൽ കൗതുകം തോന്നി വീടിനു മുന്നിലെ മീൻ കുളത്തിൽ നിക്ഷേപിച്ചു. പിന്നീട് കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിലാണ് റെഡ് ഇയേർഡ് സ്ളൈഡർ ടർട്ടിൽ എന്ന ശാസ്ത്രീയ നാമമുള്ള ചെഞ്ചെവിയൻ ആമയാണെന്ന് തിരിച്ചറിഞ്ഞത്. കാഴ്ചയിൽ മനോഹരമായതിനാൽ പലരും ഇതിന്റെ കുഞ്ഞുങ്ങളെ വാങ്ങി വളർത്താറുണ്ട്. എന്നാൽ അതിവേഗം വളരുന്ന പ്രകൃതമാണ്. അത്തരത്തിൽ വാങ്ങി വളർത്തി വലുതായപ്പോൾ ഉപേക്ഷിച്ചതാകമെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകയായ കാർത്തിക എം. നായർ പറഞ്ഞു. മെക്സിക്കോയാണ് ചെഞ്ചെവിയൻ ആമയുടെ സ്വദേശം. പെറ്റ് ട്രേഡിന്റെ ഭാഗമായണ് ആമ ഇവിടെ എത്തുന്നത്. വാങ്ങുമ്പോൾ കുഞ്ഞനായിരിക്കും.ആളുകളുമായി പെട്ടെന്ന് ഇണങ്ങും. അതു കൊണ്ടു തന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാകും. ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചാണ് ഇവയുടെ വളർച്ച. അതോടൊപ്പം പ്രത്യുല്പാദന ശേഷിയും കൂടും. നാട്ടിലെ ആമയെക്കാൾ കൂടുതൽ മുട്ടയിടും. ഇവയുടെ ശരീരത്തിൽ സാൽമണെല്ലാ ബാക്ടീരിയകളുണ്ട്. ഇത് മനുഷ്യരിൽ ഹ്യൂമൻ സാൽമണല്ലോസ് എന്ന അസുഖത്തിന് കാരണമാകും. അക്വേറിയത്തിൽ വളർത്തുമ്പോൾ വെള്ളം മാറ്റുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യരിലേക്ക് വ്യാപിക്കും. ശരീരത്തിൽ അലർജിയുണ്ടാക്കുന്നതാണ് ബാക്ടീരിയകൾ.ചെഞ്ചെവിയൻ ആമകളെ പീച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ സൂക്ഷിച്ച് പഠനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു. ചെഞ്ചെവിയൻ ആമകളെ അലസമായി ഉപേക്ഷിക്കരുതെന്ന് പീച്ചിയിലെ വനഗവേഷണ പഠനകേന്ദ്രം അധികൃതർ അറിയിച്ചു. വിവരം അറിയിച്ചാൽ ഏറ്റെടുക്കുകയും പഠനം നടത്തുകയും ചെയ്യും. ഫോൺ: 0487- 2690390