ഫോർട്ടുകൊച്ചി: രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കൊച്ചിയിലെ രണ്ട് സഹോദരങ്ങൾ. ഫോർട്ടുകൊച്ചി അമരാവതി ഭഗവതിപറമ്പിൽ ആർ.എസ്. അനിൽ കുമാർ- ആശ ദമ്പതികളുടെ മക്കളായ അശ്വിൻ ഷെട്ടിയും അശ്വതിയുമാണ് അന്തർദേശീയ മെഡൽ നേട്ടങ്ങളിലൂടെ നാടിന്റെ പെരുമ ഉയർത്തിയത്.

മൂന്നു വർഷം മുൻപാണ് അശ്വതി കൊറിയയിൽ നടന്ന ലോക വനിതാ കുറാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കല മെഡൽ നേടിയത്. ബുധനാഴ്ച മാലെദ്വീപിൽ നടന്ന മിസ്റ്റർ ഏഷ്യ ശരീര സൗന്ദര്യ മത്സരത്തിൽ 80 കിലോ വിഭാഗത്തിൽ സഹോദരൻ അശ്വിൻ ഷെട്ടിയും രാജ്യത്തിനായി സ്വർണ മെഡൽ കൊയ്തു. ഇരുവരും മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം.സലീമിന്റെ കീഴിലാണ് പരിശീലനം ആരംഭിച്ചത്. മൂന്ന് തവണ വീതം മിസ്റ്റർ കേരള ,മിസ്റ്റർ സൗത്ത് ഇന്ത്യ, മിസ്റ്റർ ഇന്ത്യൻ റെയിൽവെ എന്നീ പട്ടങ്ങൾ അശ്വിനെ തേടിയെടുത്തിരുന്നു. മിസ്റ്റർ ഇന്ത്യയായും മിസ്റ്റർ ഇന്റവാഴ്സിറ്റിയായും, നാല് പ്രാവശ്യം മിസ്റ്റർ എം.ജി.യൂണിവേഴ്സിറ്റിയായും തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റർ ഏഷ്യ അനസ് ഹുസൈനാണ് നിലവിൽ അശ്വിന്റെ പരിശീലകൻ. ഡിസംബറിൽ ഹോങ്കോംഗിൽ നടക്കുന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അശ്വിൻ രാജ്യത്തെ പ്രതിനിധീകരിക്കും. സഹോദരി അശ്വതി കുറാഷിനു പുറമെ ദേശീയഗുസ്തി (

ഇന്ത്യൻ സ്റ്റൈൽ) ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി യോഗാസന മത്സരത്തിൽ സ്വർണമെഡൽ ജേതാവുമാണ്. നിലവിൽ മലപ്പുറത്ത് സ്വകാര്യ വിദ്യാലയത്തിലെ കായികാദ്ധ്യാപികയാണ്

അശ്വതി. രാജൻ വർഗീസാണ് കുറാഷിൽ അശ്വതിയുടെ പരിശീലകൻ. ജില്ലാതല അത്‌ലറ്റിക്സ് മീറ്റിലെ ലോംഗ്ജംപ് വിജയിയായ

അമ്മ ആശയുടെ പ്രോത്സാഹനമാണ് അശ്വിന്റെയും അശ്വതിയുടെയും വിജയങ്ങൾക്ക് പിന്നിലെ ഊർജം.