ആലുവ: കർക്കടവാവ് ബലിതർപ്പണത്തിന് പടിവാതിക്കലെത്തിയിട്ടും ആതിഥേയത്വം വഹിക്കേണ്ട മണപ്പുറം ദേവസ്വത്തിൽ അഡ്മിനിസ്ട്രേറ്ററില്ലെന്ന ആക്ഷേപത്തെ തുടർന്ന് അടിയന്തര നടപടി. ഹരിപ്പാട് ഗ്രൂപ്പ് അസി. കമ്മിഷണറായിരുന്ന എസ്.ആർ. രാജീവിനെ മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇന്നലെ വൈകിട്ട് ആലുവയിലെത്തി ചുമതലയേറ്റെടുത്തു.
കഴിഞ്ഞ 30ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ജി. ബിജു കൊല്ലത്തേക്ക് സ്ഥലം മാറിയതിനെ തുടർന്ന് ഹരിപ്പാട് ഗ്രൂപ്പ് ജോയിന്റ് സൂപ്രണ്ടായിരുന്ന ജയശ്രീയെ പ്രമോഷനോടെ ആലുവയിൽ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്ത ശേഷം അവർ ദീർഘകാല അവധിയെടുത്തു. ഇതേതുടർന്ന് പറവൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അമ്പിളി ദേവിക്ക് അധികചുമതല നൽകി. ഇതിനിടയിൽ ജില്ലാ കളക്ടറും ദേവസ്വവും വെവ്വേറെ വിളിച്ച കർക്കടകവാവ് അവലോകന യോഗത്തിൽ പരസ്പാരം പങ്കെടുത്ത സാഹചര്യമുണ്ടായി. വിഷയത്തിൽ 'കേരളകൗമുദി' വാർത്തയെ തുടർന്ന് ഹൈക്കോടതിയും ഇടപെട്ടു. 'മണപ്പുറം ദേവസ്വത്തിന് നാഥനില്ലാ സ്ഥിതി' എന്ന തലക്കെട്ടിൽ കഴിഞ്ഞ 19ന് 'കേരളകൗമുദി'യിൽ വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഹൈന്ദവ സേവാസമിതി സമരവും പ്രഖ്യാപിച്ചു. ഇതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ ഇടപ്പെട്ട് അടിയന്തരമായി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്.
മണപ്പുറത്ത്
ഒരുക്കം തകൃതി
മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണ ഒരുക്കങ്ങൾ വേഗത്തിലായി. കടവുകളിലെ ചെളി നീക്കി ബാരിക്കേഡുകൾ സ്ഥാപിച്ചു. ജെ.സി.ബി ഉപയോഗിച്ച് പുല്ല് നീക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഭക്തർക്ക് നിൽക്കുന്നതിനായി പ്രത്യേക പന്തലും നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ ക്ഷേത്രത്തിന് മുൻവശത്തെ പുല്ല് പൂർണമായി നീക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
ആർച്ചിന്റെ നിർമ്മാണം മന്ദഗതിയിലാണ്. മണപ്പുറത്തേക്കുള്ള റാമ്പ് കരിങ്കല്ല് നിരത്തി ഉയർത്തിയ ശേഷം കോൺക്രീറ്റ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോൾ മണ്ണും മെറ്റലും നിരത്തി ഉറപ്പിച്ച ശേഷം ടാറിംഗ് നടത്താനാണ് തീരുമാനം. വാവിന് മുമ്പ് റാമ്പിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരനും സ്പോൺസർക്കും ദേവസ്വം നോട്ടീസ് നൽകിയതിനെ തുടർന്നാണ് ടാറിംഗ് നടത്താൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനകം ടാറിംഗ് നടത്തുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആർച്ചിന്റെ പില്ലറുകൾക്കുള്ള കമ്പികൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. മറ്റ് പണികൾ വാവിന് ശേഷമേ നടക്കൂ.