കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജൂലായ് 25 നു നടക്കുന്ന തിരഞ്ഞെടുപ്പിനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ 11 നു നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ പഞ്ചായത്തംഗങ്ങൾക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉദ്യോഗസ്ഥർക്കും മതിയായ പൊലീസ് സംരക്ഷണം നൽകണം. ഇതിനു പുറമേ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനും തിരുവല്ല കോയിപ്രം പൊലീസിനും ജസ്റ്റിസ് അനു ശിവരാമൻ നിർദ്ദേശം നൽകി. പൊലീസ് സംരക്ഷണം തേടി പഞ്ചായത്തംഗമായ ജൂലി. കെ. വർഗ്ഗീസ് ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങളായ ഏഴു പേർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. യു.ഡി.എഫ് അംഗങ്ങളെ എൽ.ഡി.എഫ് അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നെന്നും പഞ്ചായത്ത് പ്രസിഡന്റിനു നേരെ ആക്രമണമുണ്ടായിട്ടും പൊലീസ് ഫലപ്രദമായി നടപടി എടുത്തില്ലെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി ജൂലായ് 27 വീണ്ടും പരിഗണിക്കും.