പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാലിൽ പതിനാറ് ഏക്കറോളം വരുന്ന തണ്ണീർത്തടം അനധികൃതമായി നികത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.ഐ. റവന്യു മന്ത്രി, കൃഷി മന്ത്രി, സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരോട് ഇക്കാര്യം ആവശ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അറിയിച്ചു. അനധികൃതമായി നികത്തിയ തണ്ണീർത്തടത്തിലെ മണ്ണ് മാറ്റി പൂർവസ്ഥിതിയിലാക്കണം. തരംമാറ്റാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.