
ആലങ്ങാട്: പെരിയാറിലെ ഓരുവെള്ള ഭീഷണി തടയാൻ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജി നിർമ്മാണത്തിലെ അപാകതകൾ പരിഹാരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നിർമ്മാണത്തിലെ പാളിച്ചകൾ മൂലം നൂറു കോടി രൂപയോളം ചെലവിട്ടു നടപ്പാക്കിയ പദ്ധതിക്കായി വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയാണ്. റഗുലേറ്ററിന്റെ ഷട്ടറുകൾ പാലത്തിന്റെ നിരപ്പിൽ ഉയർത്താൻ കഴിയാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
2018 ലെ വെള്ളപ്പൊക്കത്തിൽ ഇതു മൂലം ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ വൻതോതിൽ വെള്ളം കയറിയിരുന്നു.
പരാതിയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഷട്ടറുകൾ പാലത്തിന്റെ അതേ പരിധിയിൽ ഉയർത്താനുള്ള സ്ഥിര സംവിധാനത്തിനുവേണ്ടി 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പദ്ധതി നീണ്ടു പോകുകയാണ്. കൂടാതെ പണി പൂർത്തീകരിച്ച ഘട്ടത്തിൽ ഷട്ടറുകൾ ഉയർത്തുന്നതിന് കെ.എസ്.ഇ.ബി വഴി വൈദ്യുതി കണക്ഷൻ നൽകിയില്ല.
വെള്ളപ്പൊക്കം കയറുന്ന സ്ഥലത്ത് ഇലക്ട്രിക് സംവിധാനത്തിന്റെ റൂം സ്ഥാപിച്ചതും വലിയ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
ലക്ഷക്കണക്കിന് രൂപ
ജനറേറ്റർ വാടക
കരാറുകാരിൽ നിന്ന് വാടകയ്ക്കെടുത്ത ജനറേറ്റർ ഉപയോഗിച്ചാണ് ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. ഈ വകയിൽ ലക്ഷങ്ങളാണ് സർക്കാരിന് നഷ്ടമുണ്ടാകുന്നത്. വാടക നൽകിയത് സംബന്ധിച്ചും അവ്യക്തത തുടരുന്നുണ്ട്. മുൻ പഞ്ചായത്ത് അംഗം പി.എസ്. ജഗദീശൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ 2014 മുതലുള്ള അഞ്ചു വർഷക്കാലത്തേയ്ക്ക് ജനറേറ്റർ വാടകയിനത്തിൽ 52.70 ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്നാണ് ഇറിഗേഷൻ വകുപ്പ് എക്സി. എൻജിനിയറിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ ആലുവ സബ് ഡിവിഷൻ അസി. എക്സി എൻജിനിയർ നൽകിയ മറുപടിയിൽ ഇത് 21.57 ലക്ഷമാണ് കാണിച്ചിരിക്കുന്നത്. വൈദ്യുതി കണക്ഷൻ എടുക്കാതെ സ്വകാര്യ കരാറുകാർക്ക് ലക്ഷങ്ങൾ ലാഭമുണ്ടാക്കാനുള്ള സഹായം ചെയ്യുകയാണ് ഉദ്യോഗസ്ഥരെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ട്.