കൊച്ചി: ഹോക്കിതാരം ശ്യാമിലി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജുവിനെ (ആഷിഷ്) പ്രതിചേർക്കാനൊരുങ്ങി പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റമായിരിക്കും ചുമത്തുകയെന്നാണ് അറിയുന്നത്. നിലവിൽ ഇയാൾ വിദേശത്താണ്. ഓൺലൈനിലൂടെയോ ഫോണിലൂടെയോ മൊഴി രേഖപ്പെടുത്തും. നാട്ടിലെത്തിക്കാനും നീക്കമുണ്ട്. ശ്യാമിലി ആത്മഹത്യ ചെയ്യുമ്പോൾ ഇയാൾ വിദേശത്താണ്. ഇരുവരുടെയും വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഫോൺകാൾ വിവരങ്ങൾ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമായിരിക്കും പ്രതി ചേർക്കുക. ഏപ്രിൽ 25ന് ഇടപ്പള്ളി പോണേക്കരയിലെ സ്വന്തംവീട്ടിലാണ് ശ്യാമിലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതിവച്ചശേഷമാണ് ശ്യാമിലി ജീവനൊടുക്കിയത്. 'തന്റെ മുന്നിൽവച്ച് സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, കഞ്ചാവും സിഗരറ്റും നൽകി എന്നിങ്ങിനെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ശ്യാമിലി സ്വന്തംകൈപ്പടയിൽ എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും നേരിട്ട പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്.
കഴിഞ്ഞ മേയിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യചെയ്തത്. നാലുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടു, ഗർഭിണിയായിരിക്കെ സ്‌കൂട്ടറിൽ തിരുവല്ലവരെ കൊണ്ടുപോയി ഗർഭഛിദ്രത്തിന് വഴിവച്ചു, ഭർതൃവീട്ടിൽ ഭക്ഷണംനൽകാതെ പീഡിപ്പിച്ചു, ശാരീരികമായി മർദ്ദിച്ചു എന്നെല്ലാമാണ് ശ്യാമിലിയുടെ ബന്ധുക്കളുടെ ആരോപണം.