മട്ടാഞ്ചേരി:പുതുതലമുറ വിഭാഗത്തിൽപ്പെട്ട മാരകലഹരി മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരി ബസാർറോഡിൽ അസ്റാജ് ബിൽഡിംഗിൽ ചെമ്മൻ എന്ന ഷമീർ (32) പിടിയിലായത്. മാർക്കറ്റിൽ പത്തുലക്ഷംരൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.ബംഗ്‌ളൂരുപോലുള്ള സ്ഥലങ്ങളിൽനിന്ന് എം.ഡി.എം.എ വാങ്ങി കച്ചവടം ആരംഭിച്ച് ആർക്കും സംശയംതോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയായിരുന്നു ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
ഒരുഗ്രാമിന് മൂവായിരം രൂപക്ക് ബംഗ്‌ളൂരുവിൽനിന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് 4000 രൂപമുതൽ 6000 രൂപവരെ നിരക്കിലാണ് ഇയാൾ വില്പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, വി.എസ് പ്രദീപ്, എസ്. ശരത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിതാജോസ്, ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു.