ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നകേസിൽ ഒരാൾകൂടി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് കായലോട് പള്ളിപ്പറമ്പത്ത് വീട്ടിൽനിന്ന് ഇപ്പോൾ പതിരായാട് നഹ്‌ല മൻസിലിൽ താമസിക്കുന്ന അബ്ദുൾ ഹമീദിനെയാണ് (42) ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘം പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ അബ്ദുൾ ഹമീദിനെ കാഞ്ഞങ്ങാട്ടയ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ അഞ്ചിനാണ് സംഭവം. ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് അഞ്ചുപേരെത്തി കബളിപ്പിച്ചത്. അമ്പതുപവനോളം സ്വർണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. വീട്ടിലെ സി.സി ടിവിയുടെ ഹാർഡ്ഡിസ്കും സംഘം കൊണ്ടുപോയിരുന്നു.

ഡിവൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.