
ആലുവ: ആലുവ നഗരസഭ 22 -ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. 43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ വിദ്യാ ബിജു വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. കവിതയ്ക്ക് 125 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി പി. ഉമയ്ക്ക് 110 വോട്ടും ലഭിച്ചു.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ജെബി മേത്തർ കൗൺസിലർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. വിദ്യാ ബിജുവിന്റെ വിജയം ഭരണകക്ഷിയായ കോൺഗ്രസിന് ആശ്വാസമായി. 26 അംഗ ഭരണസമിതിയിൽ 14 സീറ്റോടെ കേവല ഭൂരിപക്ഷമായി. പോൾ ചെയ്ത 403 വോട്ടിൽ 168 വോട്ടാണ് വിദ്യ ബിജു നേടിയത്.
ഇരുമുന്നണികളുടെയും
വോട്ട് ചോർന്നു
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയെങ്കിലും വലിയതോതിൽ വോട്ടുചോർച്ചയുണ്ടായി. 2020ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 396 വോട്ടിൽ കോൺഗ്രസിലെ ജെബി മേത്തർ 260 വോട്ടും എൽ.ഡി.എഫിലെ എൻ.കെ. കവിത 137 വോട്ടും നേടിയിരുന്നു. ഇക്കുറി കോൺഗ്രസ് നേടിയത് 168 ഉം എൽ.ഡി.എഫിന് ലഭിച്ചത് 125 വോട്ടുമാണ്. കോൺഗ്രസിന് 92 വോട്ടിന്റെയും എൽ.ഡി.എഫിന് 12 വോട്ടിന്റെയും കുറവുണ്ടായി.
കഴിഞ്ഞ തവണ മത്സരരംഗത്തില്ലാതിരുന്ന എൻ.ഡി.എ ഇക്കുറി 110 വോട്ട് നേടി ഇരുമുന്നണികളെയും വിറപ്പിച്ചു. 2015ൽ എൻ.ഡി.എ സ്ഥാനാർത്ഥി മനോജ് കമ്മത്ത് 28 വോട്ടാണ് നേടിയത്.
ഭരണത്തിനുള്ള
അംഗീകാരമെന്ന് ചെയർമാൻ
ഉപതിരഞ്ഞെടുപ്പ് വിജയം ഭരണസമിതിക്കുള്ള അംഗീകാരമാണെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എയും നഗരസഭാ കാര്യാലയത്തിലെത്തി വിദ്യാ ബിജുവിനെ അഭിനന്ദിച്ചു. തുടർന്ന് നഗരത്തിൽ നടന്ന ആഹ്ളാദ പ്രകടനത്തിന് അൻവർ സാദത്ത് എം.എൽ.എ, എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.