ആലുവ: എം.പി എൽ.എ.ഡി.എഫ് ഫണ്ട് വിനിയോഗിച്ച് എടത്തല ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പടി കവല, എരമത്തലമൂല പട്ടികജാതി കോളനി പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിക്കേണ്ട അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകൾ രാഷ്ട്രീയ വൈരാഗ്യത്തിൽ വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്തും എടത്തല ഗ്രാമപഞ്ചായത്തും തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് ലോകസഭാ സെക്രട്ടറിക്ക് പരാതി.
എടത്തല പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ.എം. മുനീറാണ് പരാതി നൽകിയത്. പദ്ധതി നടപ്പിലാക്കേണ്ട നിർവ്വഹണ ഉദ്യോഗസ്ഥനായ വാഴക്കുളം ബി.ഡി.ഒ രാഷ്ട്രീയ താത്പര്യാർത്ഥം ഭരണ സമിതിക്ക് ഒത്താശ ചെയ്യുകയാണെന്നും സ്ഥലം എം.പി രണ്ട് വട്ടം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചെങ്കിലും ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അധികൃതർ വിട്ടു നിന്നതായും പരാതിയിൽ പറയുന്നു. ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നും എം.എ.എം. മുനീർ പരാതിയിൽ ആവശ്യപ്പെട്ടു.