p

കൊച്ചി: 50 രൂപയ്‌ക്ക് മസിൽ മാനായ നിരവധിപേരുടെ ജീവിതാനുഭവങ്ങളുണ്ട് എറണാകുളം മൾട്ടി ജിംനേഷ്യത്തിൽ. സംസ്ഥാന രൂപീകരണത്തിന് മുമ്പാംരംഭിച്ച ഇവിടെ ഇന്നും മാസ ഫീസ് 50 രൂപ. അനശ്വര നടൻ ജയൻ, ചലച്ചിത്ര താരം ബാബുരാജ്, ബോഡി ബിൽഡർ ഷിപ്പ്‌യാർഡ് ബാബുവെന്ന എം.കെ. ബാബു തുടങ്ങി ബിഗ്‌ബോസ് താരം നവീൻ അറയ്ക്കൽ വരെ ഇവിടെ പരിശീലനം നേടിയവരാണ്.

നഗരമദ്ധ്യത്തിൽ, സൗത്ത് റെയിൽവേ - മെട്രോ സ്റ്റേഷനുകളോട് ചേർന്നാണ് ജിംനേഷ്യം. രാജഭരണകാലത്ത് കളിസ്ഥലമായി തുടങ്ങിയ ഇവിടം 1946ൽ ജിംനാസ്റ്റിക്സ് കേന്ദ്രമായി. പിന്നാലെ ബോക്‌സിംഗും ഗുസ്തിയും പവർ ലിഫ്റ്റിംഗും വെയിറ്റ് ലിഫ്റ്റിംഗും വടംവലിയുമെത്തി. 1951ൽ പൊതുജിംനേഷ്യവുമായി.

50 പൈസയായിരുന്നു ആദ്യകാലത്തെ ഫീസ്. 25 വർഷം മുമ്പാണ് 50 രൂപയാക്കിയത്. 300 രൂപയായിരുന്ന പ്രവേശന ഫീസ് ഈയിടെയാണ് ആയിരമാക്കി. സഹോദരൻ അയ്യപ്പൻ, എ.എൽ. ജേക്കബ്, ജോസഫ് ചാക്കോള, പി.എം. ഐസക്ക്, അന്തോണിക്കുട്ടി തുടങ്ങിയവരാണ് സ്ഥാപക അംഗങ്ങൾ. 1962-65ൽ കൊച്ചിയിലെ നേവി ആസ്ഥാനത്ത് പെറ്റി ഓഫീസറായി ജോലി ചെയ്തപ്പോഴും സിനിമയിലെ തുടക്കകാലത്തുമാണ് ജയൻ ഇവിടെ പരിശീലിച്ചത്.

ഒറ്റനിലയിൽ 5,000 ചതുരശ്രയടിയിൽ നാല് ഹാളുകളിലായുള്ള ജിമ്മിൽ പഴയ ഡമ്പലുകളും പ്ലേറ്റ്‌സും കേരളത്തിലെ ഏറ്റവും വലിയ ക്രോസ് ബാറും സംരക്ഷിക്കുന്നുണ്ട്. 16 മുതൽ 70 വയസു വരെയുള്ളവരാണ് അംഗങ്ങൾ. രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 9.30 വരെയുമാണ് പരിശീലനം.

 കനിയാതെ സർക്കാർ
70കളിൽ പൊലീസ്, സൈനിക, നേവി പ്രവേശനത്തിന് റോപ്പ് ക്ലൈമ്പിംഗ് ടെസ്റ്റിനുള്ള തെക്കൻ കേരളത്തിലെ കേന്ദ്രങ്ങളിലൊന്നായിരുന്നു എറണാകുളം ജിം. സർക്കാർ സഹായങ്ങളൊന്നും ലഭിക്കാത്ത ജിമ്മിനെ 11അംഗ മാനേജിംഗ് കമ്മിറ്റിയും 75 ഭാരവാഹികളും ചേർന്നാണ് നയിക്കുന്നത്. ഒരു ട്രെയിനറും രണ്ട് ജീവനക്കാരുമുണ്ട്. രാഷ്ട്രീയ ഇടപെടലുകളില്ല.

'നിരവധിപ്പേർ പ്രവേശനം നേടുന്നുണ്ട്. ജിമ്മിന്റെ വളർച്ചയിൽ സന്തോഷമുണ്ട്".

- രമേഷ് കുമാർ, ജോയിന്റ് സെക്രട്ടറി എറണാകുളം ജിം