കൊച്ചി: കൊച്ചി കോർപ്പറേഷന്റെ നികുതിപിരിവിലെ അപാകതകൾ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. നികുതിപിരിവ് കാര്യക്ഷമമാക്കാൻ സ്ഥിരംജീവനക്കാർക്ക് പുറമെ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
2021 വരെ വസ്തുനികുതി, തൊഴിൽ നികുതി എന്നീ ഇനങ്ങളിൽ മാത്രം 64.8 കോടി രൂപയാണ് പിരിച്ചെടുക്കാൻ ബാക്കിയുള്ളത്. 2021-22 വർഷത്തിൽ വസ്തുനികുതിയായി ലഭിക്കേണ്ടത് 47.1 കോടി രൂപ. ഇതിൽ മാത്രം കുടിശിക 16.06 കോടി രൂപ വരും. 2020– 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കോർപ്പറേഷനിലെ നികുതിപിരിവിലെ അപാകതകൾ പറയുന്നത്. 2020 ഡിസംബർ വരെ യു.ഡി.എഫും പിന്നീടുള്ള മൂന്നു മാസം എൽ.ഡി.എഫുമായിരുന്നു കോർപ്പറേഷൻ ഭരണത്തിൽ.
പോരായ്മകൾ
വരവുചെലവു കണക്കുകളുടെ ആധികാരിക രേഖയായ വാർഷിക ധനകാര്യ പത്രിക തയാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ മേഖലാ ഓഫീസുകളുമായി ബന്ധിപ്പിച്ചിട്ടില്ല. വാർഷിക ധനകാര്യപത്രിക കൃത്യമായി തയ്യാറാക്കുന്നതിന് മേഖലാ ഓഫീസുകളുമായുള്ള ഏകോപനം അനിവാര്യം.
വസ്തുനികുതി രജിസ്റ്ററുകളും അക്കൗണ്ടുകളും കാര്യക്ഷമമല്ല. രസീതുകൾ ഉപയോഗിച്ചുള്ള വസ്തുനികുതി പിരിവു പോസ്റ്റു ചെയ്യുന്നതിന് ഡിമാൻഡ് രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ല. രസീത് പിരിവു നടത്തുന്ന ബില്ലിൽ കളക്ടർമാരുടെ കൈവശമുള്ള രജിസ്റ്ററുകൾ മുഖേന മാത്രമാണ് വരവുകൾ പരിശോധിക്കാൻ സാധിക്കുന്നത്. കുടിശിക ഡിമാന്റ് രജിസ്റ്ററുകളും തയ്യാറാക്കാത്തതിനാൽ വർഷം തിരിച്ചുള്ള കുടിശികയുടെ വിവരങ്ങളും ലഭ്യമല്ല.
തൊഴിൽനികുതി ഡിമാന്റ് കുടിശിക രജിസ്റ്ററുകളുടെ പരിപാലനവും കാര്യക്ഷമമല്ല.
വാർഷിക കണക്കുകളിൽ അപാകം
ഓഡിറ്റിനായി ലഭ്യമാക്കിയ 2020-21 വാർഷിക ധനകാര്യ പത്രികയിലെ അപാകതകൾ സംബന്ധിച്ച് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭ്യമാക്കിയില്ല.
അപാകതകൾ
റവന്യു ഗ്രാന്റ് വരവുകൾ പൊരുത്തപ്പെടുന്നില്ല
ലോൺ, അഡ്വാൻസ്, ഡെപ്പോസിറ്റ് നീക്കിയിരിപ്പിന്റെ വിവരം ലഭ്യമല്ല.
സ്ഥിരനിക്ഷേപ കണക്കുകൾ പൊരുത്തപ്പെടുന്നില്ല
വസ്തു നികുതി കണക്കുകൾ പൊരുത്തപ്പെടുന്നില്ല
മാർക്കറ്റ് വാടക പിരിക്കുന്നതിൽ വീഴ്ച
കോർപ്പറേഷന് കീഴിലെ എറണാകുളം മാർക്കറ്റിലെ സ്റ്റാളുകളുടെ വാടക പിരിവിൽ ഗുരുതര വീഴ്ചവന്നതായി ഒാഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. അഞ്ച് സ്റ്റാളുകളുടെ വാടകയിനത്തിൽ 10.84 ലക്ഷം രൂപയുടെ കുടിശികയാണുള്ളത്. ഡിമാന്റ് രജിസ്റ്ററിൽ വാടക കണക്കാക്കിയതിലും പിശകുണ്ട്. ചിലർ വാടക നൽകാതെ വർഷങ്ങളായി സ്റ്റാളുകൾ കൈവശംവയ്ക്കുന്നതായും പരാമർശമുണ്ട്. ഇടപ്പള്ളി മാർക്കറ്റ് സ്റ്റാളിലെ ഏഴ് ലൈസൻസികൾ ഒരു തവണ പോലും വാടക അടച്ചിട്ടില്ല. ഇവരിൽ നിന്ന് വാടക ഈടാക്കുന്നതിന് എന്തു നടപടി സ്വീകരിച്ചുവെന്നുള്ള വിവരം ഫയലിൽ ലഭ്യമല്ല.