മരട്: മരടിൽ വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മരടിൽ വില്ലേജ് ഓഫീസർ ഇല്ലാത്തത് സംബന്ധിച്ച് ജൂലായ് 15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മരട് വില്ലേജ് ഓഫീസറുടെ ചാർജ് നിലവിൽ കുമ്പളം വില്ലേജ് ഓഫീസർക്കാണ്. ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നവർ ഓഫീസർ ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് നഗരസഭാ ചെയർമാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.