കോലഞ്ചേരി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടാകുന്ന കുഴികളടയ്ക്കാൻ വൈകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. മഴപെയ്തും പൈപ്പ് പൊട്ടിയും കുഴികളിൽ വെള്ളം നിറഞ്ഞുതുടങ്ങിയതോടെ ഇരുച്ചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.
കോലഞ്ചേരി ടൗണിൽ മെഡിക്കൽ കോളേജ് ജംഗ്ഷനു സമീപം ഫെഡറൽ ബാങ്കിന് മുന്നിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് സ്ഥിരമായിരുന്നു. എന്നാൽ, പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണികൾ നടത്താനെടുത്ത കുഴി കാരണം ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിച്ചു. പൈപ്പിൽ വീണ്ടും ചോർച്ച തുടങ്ങിയതോടെ ഇവിടെ കുടിവെള്ളം പാഴാവുകയാണ്. വാഹനങ്ങൾ തുടർച്ചയായി കുഴിയിൽ പുതയാൻ തുടങ്ങിയതോടെ ചുവന്ന റിബൺ കെട്ടി നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതൊന്നും ഫലവത്തായില്ല. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.