പെരുമ്പാവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളിൽ ഒന്നായ മണ്ണൂർ അന്നപൂർണ്ണ ജംഗ്ഷനിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുന്നു. അപകടഭീതിയോടെയാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.

മണ്ണൂരിൽ നിന്ന് വാളകത്തേക്ക് തിരിയുന്ന ജംഗ്ഷനിലാണ് റോഡിലെ കാഴ്ച്ചമറയുംവിധം കാടു കയറിയത്. റോഡിന്റെ പേര് സ്ഥാപിച്ച ബോർഡ് അടക്കം മറഞ്ഞിട്ടുണ്ട്. വാളകത്ത് നിന്ന് പെരുമ്പാവൂർക്ക് വരുന്ന യാത്രക്കാരാണ് കാഴ്ച മറയുന്നതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പ്രദേശത്ത് സ്ഥാപിച്ച സിഗ്നൽ ലൈറ്റിലെ അപകട സൂചനാ ബോർഡ് ഇളകി വീഴാറായതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും ബോർഡ് ശരിയായി സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അതുപോലെ ബ്ലാക്ക് സ്പോട്ടിലെ കാട് വെട്ടിത്തെളിക്കാനും പഞ്ചായത്തോ പി.ഡബ്ല്യൂ.ഡി. അധികൃതരോ തയ്യാറാവുന്നില്ല.എത്രയും വേഗം കാട് വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.