
ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് - മെഡിക്കൽ കോളേജ് റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. പി.ഡബ്ളിയു.ഡി റോഡിൽ നിരവധി യാത്രക്കാരും വാഹനങ്ങളുമാണ് നിത്യേന അപകടത്തിൽപ്പെടുന്നതെന്ന് സമരക്കാർ ആരോപിച്ചു. മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ ആംബുലൻസുകളും വാഹനങ്ങളും കടന്ന് പോകുന്ന പ്രധാന വഴിയാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായത്. ഉപരോധത്തെ തുടർന്ന് ഉടൻ അറ്റകുറ്റപണികൾ നടത്താമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. ഹാരിസ്, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, അനീഷ് ചേനക്കര, ജിയാസ് കോമ്പാറ, ഷിജാർ അട്ടക്കാട്ട്, റിയാസ് ഹംസ, വി.എ. അസ്‌ലം, സിദ്ധീഖ് മീന്ത്രാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.