മട്ടാഞ്ചേരി: ഹാജി ഇസഹാജി മൂസ മെമ്മോറിയൽ ഹൈസ്ക്കൂൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ വിദ്യാലയ സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജനകീയ കൺവെൻഷൻ നടക്കും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന കൺവെൻഷൻ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതമേഖലയിലുള്ളവർ പങ്കെടുക്കും.സ്കൂൾ സംരക്ഷിക്കണമെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.എയും സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളും കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. സർക്കാരിൽ നിന്ന് അനുകൂല നിലപാടാണുണ്ടായതെന്ന് പി.ടി.എ. പ്രസിഡന്റ് കെ.ബി. അഷറഫ് പറഞ്ഞു. കെ.ബി. അഷറഫ്, എം.കെ. സെയ്തലവി, റഫീക്ക് ഉസ്മാൻ സേഠ്,അസീസ് പട്ടേൽ,അബ്ദുൽ ഗനി സ്വലാഹി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി എന്നിവരെ കണ്ട് നിവേദനം നൽകിയത്.തിങ്കളാഴ്ച സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ കുട്ടികളുടെ പഠിക്കുന്ന 80 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണിത്. 1936ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ സ്ഥാപിതമായ സ്കൂളാണിത്. അന്ന് ഖാൻ സാഹിബ് ഇസ്മയിൽ ഹാജി ഈസ സേഠാണ് സ്കൂൾ സ്ഥാപിച്ചത്. പി.ടി.എ,അദ്ധ്യാപകർ, നാട്ടുകാർ, പൂർവ വിദ്യാർഥികൾ ഉൾപെടെയുള്ളവർ സ്കൂൾ നിലനിർത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.