
കൊച്ചി: മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സമുദ്രബസ് പദ്ധതി കൊല്ലത്തേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് വിഴിഞ്ഞത്തുനിന്ന് രണ്ടും പൂന്തുറയിൽനിന്ന് ഒരു ബസും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.
മത്സ്യവില്പനയ്ക്കു പോകുന്ന സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ടും അമിത യാത്രക്കൂലിയും കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പും കെ.എസ്.ആർ.ടി.സിയും സംയുക്തമായി പദ്ധതി തുടങ്ങിയത്. മൂന്ന് ലോഫ്ലോർ ബസുകൾ ഇതിനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ടെണ്ണം കൊല്ലത്തിനും ഒരെണ്ണം തിരുവനന്തപുരത്തിനും നൽകും.
ബസിൽ 24 പേർക്ക് യാത്ര ചെയ്യാം. ഡീസൽ, സ്‌പെയർപാർട്‌സ്, ജീവനക്കാരുടെ ശമ്പളം ഇനങ്ങളിലായി ഒരു ബസിന് പ്രതിവർഷം 24 ലക്ഷം രൂപ വീതം മൂന്ന് ബസുകൾക്ക് 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നൽകും. മത്സ്യവിപണന സാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങളിലൂടെ രാവിലെ ആറു മുതൽ 10 വരെ റൂട്ടുകൾ ക്രമീകരിക്കും. തിരുവനന്തപുരം തീരമേഖലയിൽ നിന്ന് 400 സ്ത്രീകളാണ് നഗരത്തിൽ മത്സ്യക്കച്ചവടത്തിനെത്തുന്നത്.