കൊച്ചി: മുതിർന്ന നേതാക്കൾ മൗനം വെടിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് എൻ.സി.പി തകർച്ചയിലേയ്ക്ക് നീങ്ങുമെന്ന് എറണാകുളം ബ്ളോക്ക് മുൻ പ്രസിഡന്റ് വി. രാംകുമാറിന്റെ തുറന്ന കത്ത്. സ്വന്തം നിലയിൽ ഓഫീസ് ആരംഭിക്കാൻ കഴിയാത്ത ബ്ളോക്ക് പ്രസിഡന്റുമാരെ സംസ്ഥാന നേതൃത്വം രാജിവയ്പ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എറണാകുളത്ത് ഓഫീസ് എടുക്കാത്തതിനാണ് തന്നെ രാജിവയ്പ്പിച്ചതെന്ന് രാംകുമാർ പറഞ്ഞു. പണച്ചെലവ് താങ്ങാൻ കഴിയാത്ത നിരവധി ബ്ളോക്ക് പ്രസിഡന്റുമാരെ രാജിവയ്പ്പിച്ചു. 12 ജില്ലാ പ്രസിഡന്റുമാരെ മാറ്റി. പകരം ബിസിനസുകാരെയും റിയൽ എസ്റ്റേറ്റുകാരെയും വനം കരാറുകാരെയുമാണ് നിയമിക്കുന്നത്. ബിനാമികളുടെ കൂട്ടായ്മയായി പാർട്ടി മാറിയെന്ന് അദ്ദേഹം തുറന്ന കത്തിൽ ആരോപിച്ചു. പാർട്ടിക്ക് ലഭിച്ച സ്ഥാനമാനങ്ങൾ തന്നിഷ്ട പ്രകാരം നിശ്ചയിച്ചു.

കോൺഗ്രസിൽ നിന്ന് സ്ഥാനങ്ങൾക്കുവേണ്ടി എൻ.സി.പിയിൽ ചേക്കേറിയവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ നിരവധി ഓഫീസുകൾ വാടക നൽകാൻ കഴിയാത്തതിനാൽ പാർട്ടിക്ക് നഷ്ടമായി. മുൻ സംസ്ഥാന ട്രഷറർ എൻ.എ. മുഹമ്മദ് കുട്ടി സ്വന്തം കൈയിൽ നിന്ന് വാടക നൽകിയ കെട്ടിടവും നഷ്ടമായി. സംസ്ഥാന സമ്മേളനം നടത്തിയതിന്റെ വരവുചെലവുകൾ അവതരിപ്പിച്ചിട്ടില്ല. ഇത്തരം നടപടികൾക്കെതിരെ ടി.പി.പീതാംബരൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.