കൊച്ചി: വിതരണ ശൃംഖലയുടെ നിർണായകഘടകമായ ലോജിസ്റ്റിക്‌സ് മേഖലയിൽ കേരളം ബഹുദൂരം മുന്നേറാനുണ്ടെന്ന് വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി മുൻ ചെയർമാൻ ഡോ. ബിഭൂതി ഭൂഷൺ പട്‌നായിക് പറഞ്ഞു. ലോജിസ്റ്റിക്‌സിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേരളം തയ്യാറാകണം. കെ.എം.എ സംഘടിപ്പിച്ച സി.ഇ.ഒ ടോക്ക് പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചരക്കുനീക്കനിരക്ക് കുറയുകയും ഉത്പന്നങ്ങൾ കൃത്യമായ അളവിൽ കൃത്യസമയത്ത് ലഭ്യമാക്കുമ്പോഴാണ് വിതരണശൃംഖല കാര്യക്ഷമമാകുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചരക്കുനീക്കത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരളത്തിലെ സ്ഥലലഭ്യതക്കുവ് വെല്ലുവിളിയാണ്. കൂടുതൽ സംഭരണകേന്ദ്രങ്ങൾ സ്ഥാപിച്ചാൽ കുറവ് പരിഹരിക്കാനാകും. ബഹുനില സംഭരണികളാണ് കേരളത്തിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല, സി.ഇ.ഒ ഫോറം ചെയർമാൻ കെ. ഹരികുമാർ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.