തൃക്കാക്കര : യാത്രക്കാരുടെ ജീവന് ഭീഷണയായ കേബിളുകൾ നഗരസഭ നീക്കിത്തുടങ്ങി.നഗരസഭാ പ്രദേശത്തെ ഉപയോഗശൂന്യമായ കേബിളുകൾ നീക്കംചെയ്യാൻ സേവനദാതാക്കൾക്ക് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് നടപടി.ആഴ്ചകൾക്ക് മുമ്പ് കേബിൾ കുരുക്കിൽപ്പെട്ട് യുവാവ് മരിക്കാനിടയായ ചെമ്പുമുക്ക് പളളിക്ക് സമീപത്തുനിന്നുമാണ് കേബിളുകൾ മുറിച്ച് മാറ്റാൻ ആരംഭിച്ചത്. നഗരസഭയും കെ.എസ്.ഇ.ബിയും സംയുക്തമായാണ് കേബിളുകൾ നീക്കുന്നത്. കേബിളുകളിൽ 50 മീറ്റർ ദൂരത്ത് സേവനദാതാക്കളുടെ പേര് ടാഗ് ചെയ്യണം, പോസ്റ്റുകളിൽ കേബിൾ ചുറ്റിവക്കാൻ പാടില്ല,ഉപയോഗ ശൂന്യമായ കേബിൾ മാറ്റണം.കേബിളുകൾ സുരക്ഷിതമായ ഉയരങ്ങളിലൂടെ വലിക്കണം,വൈദ്യുതി പോസ്റ്റുകളിലെ ജംഗ്ഷൻ ബോക്സുകൾ നീക്കം ചെയ്യണം തുടങ്ങിയ നഗരസഭാ നിർദേശങ്ങൾ സേവനദാതാക്കൾക്ക് അനുസരിക്കാൻ തയാറായിരുന്നില്ല.സ്വകാര്യ കമ്പനികൾ റോഡിന്റെ തലങ്ങും വിലങ്ങും വലിച്ചിരുന്ന കേബിളുകൾ നഗരസഭാ നീക്കം ചെയ്തു. കെ.എസ്.ഇ.ബി. പോസ്റ്റുകളിൽ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിളുകൾ കെ.എസ്.ഇ.ബി. ജീവനക്കാർ നീക്കം ചെയ്തു. എന്നാൽ ബി.എസ്.എൻ.എൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിച്ചുമാറ്റിയത് പരാതിക്കിടയാക്കി.

നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ,പൊതുമരാമത്ത് സമിതി അധ്യക്ഷ സോമി റെജി,കൗൺസിലർമാരായ വി.ഡി സുരേഷ്,സി.സി വിജു.വർഗിസ് പ്ലാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.