മൂവാറ്റുപുഴ: ഒരുകാലത്ത് മുളവൂർ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂർക്ക നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്തിൽ വേരുപിടിപ്പിച്ച 1500 കൂർക്കത്തണ്ടുകൾ വിതരണം ചെയ്യും. മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിൽ കൂർക്കത്തൈകൾ വിതരണത്തിന് ഒരുങ്ങിക്കഴിഞ്ഞു.

മുളവൂരിൽ നെൽക്കൃഷിയോടൊപ്പം കൂർക്കക്കൃഷിയും ഒരുകാലത്ത് വ്യാപകമായിരുന്നു. ടൺ കണക്കിന് കൂർക്കയാണ് കർഷകരിൽ നിന്ന് സംഭരിച്ച് വിവിധ മാർക്കറ്റുകളിൽ എത്തിച്ച് മൊത്തവ്യാപാരികൾ വിൽപ്പന നടത്തിയിരുന്നത്. അന്യംനിന്ന കാർഷിക വിളകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പായിപ്ര കൃഷി ഭവന്റെ സഹായത്തോടെ മുളവൂരിൽ കഴിഞ്ഞവർഷം ഏക്കർ കണക്കിന് സ്ഥലത്ത് കൂർക്കക്കൃഷി ചെയ്തിരുന്നു. ഈ വർഷവും നിരവധിയാളുകൾ കൂർക്കക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതേസമയം, കാലംതെറ്റിപെയ്യുന്ന മഴ വിളവിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.