കാലടി: പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട്ടിൽ തടയണ നിർമിക്കാത്തതിനാൽ വർഷകാലത്തും തോട് വറ്റുന്നു.
അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള തോടിൻെറ ഇരുകരകളിലും ചെറുതും വലുതുമായ നിരവധി ചെറുകിട ഇറിഗേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ ജലസേചനം ലഭ്യമാക്കുന്നു. ഒപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കപ്പെടുന്നു.
വിമാനത്താവള റൺവേ നിർമ്മിച്ചപ്പോൾ മുറിഞ്ഞു പോയ റോഡിനു പകരം 5 റോഡുകളാണ് ഈ ജലസ്രോതസിന് കുറുകെ നിർമ്മിച്ചത്. കുഴലുകൾ സ്ഥാപിച്ച് മണ്ണടിച്ച് കരിങ്കൽ പാകി നിർമിച്ച റോഡുകൾ അക്കാലത്ത് തോട്ടിലെ തടയണകളുടെ കുറവുകൾ പരിഹരിച്ചിരുന്നു.
വെള്ളപ്പൊക്കങ്ങൾ, മഹാപ്രളയം എന്നിവയെ തുടർന്ന് തോടിനു കുറുകെ നിർമ്മിച്ചിരുന്ന റോഡുകളെല്ലാം പാലങ്ങളാക്കി സിയാൽ ഉയർത്തി. ഇതോടെ തോട്ടിലെത്തുന്ന വെള്ളം തടഞ്ഞു നിർത്താൻ കഴിയാതെ വന്നു.
മഴവെള്ളം മുഴുവൻ പെരിയാറിലേക്ക് ഒഴുകിപ്പോകുന്ന സ്ഥിതിയാണിപ്പോൾ ചെങ്ങൽ തോട്ടിലുള്ളത്. തടയണയില്ലെങ്കിൽ വേനൽക്കാലത്ത് തുള്ളി വെള്ളം പോലും തോട്ടിൽ ഉണ്ടാകില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. തടയണകൾ നിർമ്മിക്കണമെന്ന ആവശ്യത്തിനു മുന്നിൽ അധികാരികൾ കണ്ണടക്കുകയാണെന്ന ആക്ഷേപമുണ്ട്.
.................................
നാട്ടിൽ കുടിവെള്ളം കിട്ടാക്കനിയാവുന്ന സ്ഥിതിയാണ്. അധികാരികൾ കൈമലർത്തുന്നത് പ്രശ്നത്തിന്റെ രൂക്ഷത കൂട്ടും.
പരിസരവാസികൾ