
കൊച്ചി: ആഗോള സാമ്പത്തികരംഗം ഈ വർഷം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ലോക ബാങ്ക് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പ്രോസ്‌പെക്‌ടസ് ഗ്രൂപ്പ് സീനിയർ അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഡോ.ജോൺ ബാഫെസ് പറഞ്ഞു. കൊച്ചിയിൽ നടന്ന ഇന്ത്യ റബർ മീറ്റ് - 2022 സമ്മേളനത്തിന്റെ ഭാഗമായുള്ള 'സസ്റ്റൈനബിലിറ്റി ഇൻ റബർ സെക്ടർ" സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പു സാമ്പത്തികവർഷത്തെ ആഗോള പ്രതീക്ഷിതവളർച്ച 2.9 ശതമാനമാണ്. 2022 ജനുവരിയിൽ 4.1 ശതമാനം സാമ്പത്തികവളർച്ച പ്രതീക്ഷിച്ചിരുന്നു. ആഗോളതലത്തിൽ ഇപ്പോഴുള്ള വിലക്കയറ്റം 2023ലും തുടർന്നേക്കും. കൊവിഡ് ഏറിനിന്ന സമയത്ത് റഷ്യ-യുക്രെയിൻ യുദ്ധം ഏല്പിച്ച ആഘാതം ഇന്ധനം, ഭക്ഷണം, വളം തുടങ്ങി ഒട്ടുമിക്ക വസ്തുക്കളുടെയും വിതരണത്തിൽ തടസങ്ങളുണ്ടാക്കി.
അവശ്യവസ്തുവില കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉയർന്നുതന്നെ നിൽക്കും. ഊർജേതരവസ്തുക്കളുടെ വില 20 ശതമാനത്തോളം വർദ്ധിച്ചേക്കാം. ആഗോള നാണയപ്പെരുപ്പ കുതിപ്പിന് ചൈനയിലെ ലോക്ഡൗണിനും വലിയപങ്കുണ്ട്. ഭക്ഷണ, ഇന്ധന വിലക്കയറ്റമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെ സഹിക്കുന്ന സാധാരണക്കാരെ സഹായിക്കാൻ ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.