
കൊച്ചി: തകർന്നുതരിപ്പണമായ എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും അടുത്ത വർഷം നവംബറോടെ സൂപ്പറാകും. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോളേജ് വികസന സമിതി യോഗത്തിലാണ് തീരുമാനം. നവീകരണം വിലയിരുത്താൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും.
കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം തലവൻ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ, സാങ്കേതിക വിദഗദ്ധനായ ഒരാൾ എന്നിവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങൾ. സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനുള്ള പുതുക്കിയ ഭരണാനുമതി ആഗസ്റ്റോടെ ലഭ്യമാക്കും. സെപ്തംബറിൽ ടെക്ക്‌നിക്കൽ കമ്മിറ്റി അനുമതി ലഭ്യമാക്കും.
യോഗത്തിൽ മേയർ അഡ്വ.എം. അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ.സുരേഷ്‌കുമാർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവൻ റീന ജോസഫ്, ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഡോ. രമാകാന്തൻ, കോളേജ് വികസന സമിതി കൺവീനർ ഡോ.സന്തോഷ് ടി.വർഗീസ്, ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, സാങ്കേതിക വിദഗ്ദ്ധൻ പളനി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കൊച്ചി മെട്രോ പ്രതിനിധികൾ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
8.73 കോടി
ഒക്‌ടോബറിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി അടുത്ത വർഷം നവംബറിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന ട്രാക്കിനായി 8.73 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോളേജിലെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം അനിൽകുമാർ, ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം കോളേജ് ഗ്രൗണ്ടും മറ്റും സന്ദർശിച്ചിരുന്നു.