കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലെക്സിലെ മുഴുവൻ മുറികളും ഒഴിപ്പിച്ചു. കാലപ്പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്സിനു പകരം പുതിയത് പണിയുന്നതിനാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. പകരം സംവിധാനം ഒരുക്കാത്തതിനാൽ ഷോപ്പിംഗ് കോംപ്ലക്സ് ഒഴിയാൻ കച്ചവടക്കാർ വിമുഖത കാട്ടിയിരുന്നു.
കോടതി വിധിയെ തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.എൽ. ലിജി, കുന്നത്തുനാട് തഹസിൽദാർ, കുന്നത്തുനാട് എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെയാണ് ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിച്ചത്. 47 കടമുറികൾ ഉള്ള ഇവിടെ നാലെണ്ണമൊഴിച്ച് മറ്റുള്ളവ നേരത്തെ ഒഴിപ്പിച്ചിരുന്നു. നിലവിൽ ഷോപ്പിംഗ് കോംപ്ലസ് സീൽ ചെയ്തു. ഒരു വർഷം മുമ്പാണ് ഷോപ്പിംഗ് കോംപ്ലെക്‌സ് പുതുക്കിപ്പണിയുന്നതിന് കടയുടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയത്. അന്ന് ശക്തമായ പ്രതിഷേധമുയർന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി പല കച്ചവടക്കാരും ഒഴിഞ്ഞിരുന്നു. ഇതിനിടെ ബദൽ സംവിധാനം ഒരുക്കുന്നതുവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കോടതിയെ സമീപിച്ചു. ഇത് കോടതി നിരസിച്ചതോടെയാണ് കോംപ്ലക്സ് ഒഴിപ്പിച്ചത്. അതേസമയം, പകരം സംവിധാനം ഒരുക്കാതെ കോംപ്ളെക്സിലെ പച്ചക്കറി കർഷകസംഘം ഓഫീസ് പൂട്ടിയത് കർഷകരെ വലയ്ക്കുമെന്ന് പ്രസിഡന്റ് കെ.വി.ഹംസ പറഞ്ഞു. കോടതി വിധിയുടെ മറവിൽ മുന്നറിയിപ്പുമില്ലാതെ ഉപകരണങ്ങളും രേഖകളും എടുത്ത് ഓഫീസ് പൂട്ടുകയായിരുന്നെന്നും ഹംസ ആരോപിച്ചു.