
കൊച്ചി: നെക്സ്റ്റ് ജെൻ കപ്പ് ടൂർണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ റണ്ണേഴ്‌സ് അപ്പായാണ് ടീം യോഗ്യത നേടിയത്. പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് 26ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുക. ബംഗളൂരു എഫ.സി, റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാമ്പ്‌സ് എന്നീ ടീമുകളും ലണ്ടിനിലെത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ചെൽസി എഫ്.സി, മാഞ്ചസ്റ്റർ യുണൈറ്റഡ്, സതാംപ്ടൺ എഫ്.സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകൾ. അണ്ടർ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങുക. പ്രീമിയർ ലീഗും ഇന്ത്യൻ സൂപ്പർലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെൻ കപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിനായി ബ്ലാസ്റ്റേഴ്‌സ് തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ അക്കാഡമിയിൽ ഒരു മാസം പരിശീലനം നടത്തി. തോമക് ഷ്വാസാണ് മുഖ്യ പരിശീലകൻ. ടി.ജി പുരുഷോത്തമൻ സഹപരിശീലകൻ.
ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിൻ സുരേഷ്, മുഹമ്മദ് മുർഷിദ്, മുഹീത് ഷബീർ ഖാൻ, മുഹമ്മദ് ബാസിത്, ഹോർമിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മർവാൻ ഹുസൈൻ, ഷെറിൻ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സൺ സിംഗ്, ആയുഷ് അധികാരി, ഗിവ്‌സൺ സിംഗ്, മുഹമ്മദ് അസർ, മുഹമ്മദ് അജ്‌സൽ, മുഹമ്മദ് അയ്‌മെൻ, നിഹാൽ സുധീഷ്.