വൈപ്പിൻ: അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് നിയമസഭ സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ എസ്. എസ്. എൽ. സി.ക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ നാനാ ഭാഗത്തും മലയാളികൾ ഉന്നത സ്ഥാനങ്ങളിൽ എത്തി നിൽക്കുന്നത് വിദ്യാഭ്യാസത്തിന് നൽകിയ വലിയ പരിഗണന കൊണ്ടാണ്. ഇത് പുതു തലമുറക്ക് പ്രചോദനമാണെന്നും സ്പീക്കർ പറഞ്ഞു.
390 കുട്ടികൾക്കാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനമോദന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ആറു പതിറ്റാണ്ടായി കർമ്മനിരതനായ ഡോ. എം.കെ കരുണാകരനെ സ്പീക്കർ ആദരിച്ചു. റോട്ടറി ഡിസ്ട്രികട് ഗവർണർ എസ്. രാജ്‌മോഹൻ നായർ, ഡോ. പൂർണ്ണിമ നാരായണൻ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, എസ്. രമേശ്, മോളിക്യുലാർ ആശുപത്രി ഗ്രൂപ്പ് ഡയറക്ടർ ഡോ. എം. ആർ. എ പിള്ള, റോട്ടറി കൊച്ചിൻ സോൺ ജില്ലാ ഡയറക്ടർ നോബി, വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ എ. പി. പ്രിനിൽ, കേരള മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ, എം. ജി. സർവ്വകലാശാല സെനറ്റംഗം എൻ.എസ്. സൂരജ് എന്നിവർ സംസാരിച്ചു.