kanal
പുത്തൻതോട് കുറുപ്പനയം തോട്ടിൽ ചെങ്ങമനാട് നമ്പർ ടു ലിഫ്റ്റ് ഇറിഗേഷന് സമീപം കരയും, തോടും തിരിച്ചറിയാത്ത വിധം മാലിന്യം മൂടിയ നിലയിൽ.

നെടുമ്പാശേരി: പ്രളയങ്ങൾ കവർന്ന കുറുപ്പനയം ഭാഗത്തെ ഇറിഗേഷൻ കനാലുകൾ കാടുമൂടി​ കാണാനാവാത്ത നി​ലയി​ൽ. ഏകദേശം നാല് കിലോമീറ്റർ ദൂരവും 10 അടിയോളം ആഴവുമുള്ള കനാൽ നിറയെ പായൽ, കുളവാഴകൾ, മുളളൻ ചണ്ടി, കാട്ട് ചെടികളും മൂടിയിരിക്കുകയാണ്.

നാലടിയോളം ഉയരത്തിൽ ചെളിയാണ്. സമാന്തര റോഡുകളെക്കാൾ ഉയരത്തിൽ മാലിന്യവും കാടും മൂടിയിരിക്കുകയാണ്. ചെങ്ങൽത്തോടിന്റെ ശാഖയായ പാനായിത്തോട്ടിൽ നിന്നാണ് ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ ലീഡിംഗ് കനാലിലൂടെ വെള്ളം ഒഴുകിയെത്തുന്നത്. ഇവിടെ നിന്നാണ് നെടുമ്പാശേരി പഞ്ചായത്തിലെ 17,18 വാർഡുകളിലെയും ചെങ്ങമനാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഹെക്ടർ കണക്കിന് പ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നത്. കുറുപ്പനയം ഭാഗത്താണ് ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ചെങ്ങമനാട് നമ്പർ ടു ഇറിഗേഷനും നെടുമ്പാശേരി പഞ്ചായത്തിന്റെ അധീനതയിലുള്ള കുറുപ്പനയം ലിഫ്റ്റ് ഇറിഗേഷൻ, മരങ്ങാട് ലിഫ്റ്റ് ഇറിഗേഷൻ എന്നിവയുമുള്ളത്.

തോട്ടിലുടനീളം സ്വകാര്യ വ്യക്തികളും ഏജൻസികളും കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന നിരവധി മോട്ടോറുകളുമുണ്ട്. 2018ലെയും 2019ലെയും പ്രളയങ്ങളിൽ കനാലിന്റെ വശങ്ങളിലും സമീപ പ്രദേശങ്ങളിലെയും വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയക്കെടുതികൾ സമീപവാസികൾ പലരും ഇപ്പോഴും അനുഭവിക്കുന്നുണ്ട്.

............................

കനാൽ ശുചീകരണം നടപ്പാക്കാതിരുന്നതാണ് പ്രളയദുരിതത്തിന് കാരണമായത്. പ്രളയത്തിന് ശേഷം രണ്ട് തവണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിച്ചി​രുന്നു. എന്നാൽ ഇത്തവണ അതുപോലുമുണ്ടായി​ല്ല.

നാട്ടുകാർ

....................................

തോട് ശുചീകരിക്കാത്തതിനാൽ വേനലി​ൽ കൃഷിയെ സാരമായി ബാധിച്ചു. പലവട്ടം പ്രശ്‌നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിച്ചിട്ടില്ല. മഴ ശക്തി പ്രാപിച്ചതോടെ ഒഴുകാൻ ഇടമില്ലാതെ വെള്ളം തോട്ടിൽ നിറഞ്ഞിരിക്കുകയാണ്. തുടർ ദിവസങ്ങളിൽ മഴ കനത്താൽ വീണ്ടുമൊരു ദുരിതത്തിനിടയാകും.

കെ.ജെ. വർഗീസ്, ടി.കെ. കോരപിള്ള (നെടുങ്കോട് പാടശേഖര സമിതി ഭാരവാഹികൾ)